തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടില്‍ മാറ്റമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

സുപ്രീംകോടതി തീരുമാനത്തിനൊപ്പമാണ് സര്‍ക്കാര്‍. അത് എന്തായാലും. സര്‍ക്കാരും പാര്‍ട്ടിയും വിശ്വാസികള്‍ക്കൊപ്പമാണ്. എന്നാല്‍ ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് വിശ്വാസികള്‍ക്കെതിരാണ് ഞങ്ങള്‍ എന്ന് വിശ്വാസത്തിന്റെ അട്ടിപ്പേറവകാശം ചുമക്കുന്നവര്‍ പ്രചരിപ്പിച്ചു.

അത് കൃത്യമായി പ്രതിരോധിക്കാത്തതിനെയാണ് പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശിച്ചത്. ബിജെപിയെ വിശ്വസിച്ച ആളുകളെ അവര്‍ വഞ്ചിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ നിയമം കൊണ്ടുവരാമെന്നാണ് ബിജെപി പറഞ്ഞത്. എന്നാല്‍ സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരാന്‍ സാധിക്കില്ലെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കി.

നവോത്ഥാനം സംബന്ധിച്ച സര്‍ക്കാര്‍ കാഴ്ചപ്പാടും മുഖ്യമന്ത്രി വ്യക്തമാക്കി.

നവോത്ഥാനം എതിര്‍ക്കുന്നത് അന്ധവിശ്വാസത്തെയും അനാചാരത്തെയും ആണ്. വിശ്വാസത്തെ അല്ല ഒരു ഘട്ടത്തിലും നവോത്ഥാനം എതിര്‍ത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.