
മോഹനന്‍ ‘വൈദ്യരു’ടെ വ്യാജചികിത്സയെ തുടര്‍ന്ന് യുവാവ് മരിച്ചതിനെക്കുറിച്ച് കുറിപ്പുമായി ഡോക്ടര്‍ ഷിംന അസീസ്.
ഷിംനയുടെ വാക്കുകള്‍:
കണ്ണൂരില്‍ ഒരു 28 കാരന്‍ കൂടി മരിച്ചിരിക്കുന്നു. റിവിന്‍ ജാസെന്ന ആ ഹതഭാഗ്യന്റെ ഖബറടക്കം നാളെയേ ഉള്ളൂ.
എത്രയെഴുതിയാലും മോഹനന്റെ കയ്യിലൂടെ മരണത്തിലേക്ക് നടന്നു പോയവരുടെ എണ്ണമിങ്ങനെ കൂടുന്നത് എത്ര സങ്കടകരമാണ്. പക്ഷെ, വായിക്കുന്ന ഒരാളെങ്കിലും മാറിച്ചിന്തിക്കുമെന്ന പ്രതീക്ഷയോടെ വീണ്ടും വീണ്ടും എഴുതുന്നതാണ്. അതുകൊണ്ട് റിവിന്‍ ജോസിന്റെ കഥയും നിങ്ങളറിയണം.
അവന്‍ അബുദാബീലായിരുന്നു. അവിടെ കരാട്ടെ ഇന്‍സ്ട്രക്റ്ററായിരുന്നു. 3 വര്‍ഷം മുമ്പ്, അതായത് 25 വയസുള്ളപ്പോള്‍, ലീവിന് നാട്ടില്‍ വന്നപ്പോള്‍ കഴുത്തിലൊരു ചെറിയ മുഴ കണ്ടു.
അത് ബയോപ്‌സിക്കയച്ചപ്പോഴാണ് മൂക്കിന് പുറകിലായി ഒരു ട്യൂമര്‍ വളരുന്നതിന്റെ ഭാഗമാണതെന്ന് കണ്ടെത്തിയത്. കാന്‍സറാണ്. നേസോ ഫരിഞ്ചല്‍ കാര്‍സിനോമ എന്നായിരുന്നു ഡയഗ്‌നോസിസ്. അങ്ങനെ റിവിനെ വീട്ടുകാര്‍ കോഴിക്കോട്ടെ ആശുപത്രിയില്‍ കാണിക്കാന്‍ തീരുമാനിച്ചു.
ആ വീട്ടില്‍ ഏറ്റവും വിദ്യാഭ്യാസവും ലോകപരിചയവുമുള്ള ആള്‍ റിവിനായിരുന്നു. അവന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അറിഞ്ഞ മോഹനന്റെ ചികിത്സയെ പറ്റിയും മോഹനവാഗ്ദാനങ്ങളെ പറ്റിയും വീട്ടുകാരോട് പറഞ്ഞത്. അങ്ങനെയാണവര്‍ വ്യാജന്റെ ചികിത്സാകേന്ദ്രത്തിലെത്തുന്നതും.
മോഹനന്‍ ആദ്യം ചെയ്തത്, രോഗനിര്‍ണയം നടത്തിയ റിപ്പോര്‍ട്ടുകളെല്ലാം മാറ്റിവക്കുകയായിരുന്നു. എന്നിട്ട് അത് കാന്‍സറൊന്നുമല്ലാന്നും, കാന്‍സറെന്ന സാധനമേയില്ലായെന്നും അതൊക്കെ അലോപ്പതിക്കാരന്റെ തട്ടിപ്പാണെന്നും ഇതുവെറും കൊഴുപ്പടിഞ്ഞത് മാത്രമാണെന്നും പറഞ്ഞ് ആ പാവങ്ങളെ വിശ്വസിപ്പിച്ചു. എന്നിട്ട് കുറേ കഷായവും കുഴമ്പും കൊടുത്തു. ഓരോ ആഴ്ചയിലെ മരുന്നിനും (?) ഏതാണ്ട് 5000 രൂപയോളം വാങ്ങി.
കുറച്ചുനാള്‍ കഴിഞ്ഞപ്പൊ റിവിന്‍ ആകെ ക്ഷീണിച്ചു. ദേഹം മൊത്തം വേദനയായി. മോഹനന്‍ അടുത്ത ഉഡായിപ്പിറക്കി. കൊഴുപ്പ് ദേഹത്ത് പടരുന്നതാണെന്നും അത് തടവി ശരിയാക്കണമെന്നും പറഞ്ഞ് കണ്ണൂരുള്ള ഒരു കളരി കേന്ദ്രത്തിലേക്ക് വിട്ടു.
അത് മോഹനന്റെ തന്നെ ഒരു സഹോദര സ്ഥാപനമായിരുന്നു. അവിടെച്ചെന്ന റിവിന്റെ വീട്ടുകാര്‍ കാണുന്നത് ഇയാളിതുപോലെ പറഞ്ഞുവിട്ട മറ്റു പല രോഗികളുടെയും ദുരിതങ്ങളും മരണങ്ങളുമാണ്. അവരവിടെയും 11 ദിവസത്തെ തടവല്‍ ചികിത്സ നടത്തി. അതിനും പതിനായിരങ്ങള്‍ ചെലവായി.
ഇത്രയും ആയപ്പോഴാണ് എല്ലാവര്‍ക്കും കാര്യങ്ങള്‍ കുറച്ചെങ്കിലും മനസിലാവുന്നത്. പക്ഷെ, റിവിനും വീട്ടുകാരും മോഹനന്റെ തനിനിറം തിരിച്ചറിഞ്ഞപ്പോഴേക്കും കാന്‍സര്‍ ശ്വാസകോശത്തിലേക്കൊക്കെ വ്യാപിച്ചു കഴിഞ്ഞിരുന്നു. ദുരിതങ്ങള്‍ നിറഞ്ഞ കുറേ ദിവസങ്ങള്‍ പിന്നിട്ട് ഇന്നിതാ അവന്‍ 28-ആമത്തെ വയസില്‍ മരിച്ചും പോയി.
റിവിന് കാന്‍സറായിരുന്നു. കുറച്ചുനാളത്തെ റേഡിയേഷന്‍ മാത്രമോ, അല്ലെങ്കില്‍ റേഡിയേഷനും കീമോതെറാപ്പിയും കൂടിയോ എടുത്താല്‍ പൂര്‍ണമായും മാറാന്‍ സാധ്യതയുണ്ടായിരുന്ന രോഗമായിരുന്നു യഥാര്‍ത്ഥത്തില്‍ റിവിന്റേത്. ചികിത്സയൊക്കെ കഴിഞ്ഞ് തിരിച്ചുപോയി ഇന്നും കരാട്ടെ പഠിപ്പിച്ച് അബുദാബീലിരിക്കേണ്ട ചെറുപ്പക്കാരനാണ് ദാരുണമായി മരണം വരിച്ചത്.
മരിച്ചതല്ലല്ലോ, കൊന്നത് ..!
ഇതൊക്കെ റിവിന്റെ സഹോദരന്‍ തന്നെ പറഞ്ഞ കാര്യങ്ങളാണ്. റിവിനെ പോലുള്ള നിരവധി പേരെ ഇദ്ദേഹം മോഹനന്റെ ചികിത്സാലയത്തിലും കണ്ണൂരിലെ കളരിയിലും കണ്ടിട്ടുണ്ട്. പലരും ഇന്ന് ജീവിച്ചിരിപ്പില്ല. ഇദ്ദേഹവും മറ്റു പലരെയും പോലെ മോഹനനെതിരെ നിയമനടപടിക്കൊരുങ്ങുന്നുണ്ട്.
ഒരാളെങ്കിലും രക്ഷപ്പെടട്ടെ എന്നൊക്കെ പോസ്റ്റില്‍ പറയുമെങ്കിലും, ഒരാള്‍ പോലും മോഹനന്റെ അടുത്തേക്ക് പോകരുതെന്ന് ആഗ്രഹിച്ചു തന്നെയാണ് വീണ്ടും വീണ്ടും ഇതിങ്ങനെ എഴുതുന്നത്. മറ്റുള്ളവരുടെ അനുഭവങ്ങളും ചിലപ്പോള്‍ നല്ല പാഠങ്ങളാണ്, പഠിക്കാന്‍ നമ്മള്‍ തയ്യാറാണെങ്കില്‍..
റിവിന്‍ ജോസിന് ആദരാഞ്ജലികള്‍
മനോജ് വെള്ളനാട്
(ചിത്രവും വിവരങ്ങളും നല്‍കിയത് റിവിന്റെ സഹോദരന്‍ via Capsule Kerala )

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here