ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്തുനിന്നും ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. കടലിന് അഭിമുഖം നിര്‍ത്തി ബലി നല്‍കിയ 227 കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ബാലബലിയുടെ ശേഷിപ്പുകളാണെന്നാണ് ഗവേഷകര്‍ പറയുന്നത്.

പന്ത്രണ്ട് മുതല്‍ പതിനഞ്ചാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ വരെ പെറുവില്‍ നിലനിന്നിരുന്ന ചിമു നാഗരിക സംസ്‌കാര കാലത്താണ് കുട്ടികളെ ബലി നല്‍കിയിരുന്നത്. വിനോദസഞ്ചാര നഗരമായ ഹുവാന്‍ചാകോയില്‍ ഗവേഷകര്‍ നടത്തിയ ഖനനത്തിലാണ് ബലി അര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

നാലു മുതല്‍ 14 വയസ് വരെയുള്ള കുട്ടികളെയാണു കടലിന് അഭിമുഖമായി ബലി നല്‍കിയിരിക്കുന്നത്. ഇപ്പോഴും പൂര്‍ണമായും ജീര്‍ണിക്കാത്ത നിലയിലാണ് ചില അവശിഷ്ടങ്ങള്‍. ഹ്യുവാന്‍ചാകോ മേഖലയില്‍ ഒരുവര്‍ഷത്തോളമായി ഗവേഷകര്‍ നടത്തിയ ഖനനത്തിന്റെ ശ്രമഫലമായാണ് ശേഷിപ്പുകള്‍ കണ്ടെടുത്തത്.

ഖനനം തുടങ്ങിയ കാലത്ത് ഇവിടെ നിന്നും 56 അസ്ഥികൂടങ്ങള്‍ കണ്ടെടുത്തിരുന്നു. ഇനിയും കൂടുതല്‍ കുട്ടികളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ കഴിയുമെന്നാണു ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്. 1475-ല്‍ ഇന്‍കാ സാമ്രാജ്യത്തിന്റെ വരവോടെയാണ് ചിമു സംസ്‌കാരം അപ്രത്യക്ഷമായത്.