പാലാരിവട്ടം പാലം അഴിമതിക്കേസ്: പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജിനെ വിജിലന്‍സ് ചോദ്യം ചെയ്തു. പാലം നിര്‍മ്മാണത്തിന്റെ ആദ്യഘട്ടത്തില്‍ ടി ഒ സൂരജായിരുന്നു പൊതുമാരാമത്ത് സെക്രട്ടറി. പ്രാഥമിക അന്വേഷണത്തില്‍ ടെന്‍ഡര്‍ നടപടിക്രമങ്ങളിലും ഫണ്ട് വിനിയോഗത്തിലും വിജിലന്‍സ് ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ടി ഒ സൂരജ് വിജിലന്‍സിനെ അറിയിച്ചു.

രാവിലെ 11 മണിയോടെ കൊച്ചിയിലെ വിജിലന്‍സ് ആസ്ഥാനത്തെത്തിയ ടി ഒ സൂരജിനെ രണ്ട് മണിക്കൂര്‍ നേരം ചോദ്യം ചെയ്തു. ടി ഒ സൂരജ് പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെയാണ് പാലത്തിന്റെ നിര്‍മ്മാണ കരാര്‍ നല്‍കിയത്. ഇതുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികളിലും ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുള്ളതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

ഇക്കാര്യങ്ങളെക്കുറിച്ച് വിജിലന്‍സ് സൂരജില്‍ നിന്ന് വിശദീകരണം തേടിയെന്നാണ് വിവരം.എന്നാല്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചു ഉത്തരവിറക്കുക മാത്രമാണ് ചെയ്തതെന്ന് ടി ഒ സൂരജ് വിജിലന്‍സിനെ അറിയിച്ചു. 3 മാസം മാത്രമാണ് പദ്ധതിയുമായി ബന്ധപ്പെട്ടു താന്‍ പ്രവര്‍ത്തിച്ചത്. പാലത്തിന് തകരാര്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കരാറുകാരനാണെന്നും ചോദ്യം ചെയ്യല്‍ അവസാനിച്ച ശേഷം ടി ഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു.

ടി ഒ സൂരജിന്റെ മൊഴി വിശദമായി വിജിലന്‍സ് പരിശോധിക്കും.കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്, ദേശീയ പാത വിഭാഗത്തെ ഒഴിവാക്കിയാണ് റോഡ്‌സ് ആന്റ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന് പാലത്തിന്റെ നിര്‍മ്മാണ ചുമതല നല്‍കിയത്.

അഴിമതിക്ക് കളമൊരുക്കാനാണ് ഇത്തരം ഒരു തീരുമാനം എടുത്തതെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കേസില്‍ നിര്‍മാണക്കമ്പനിയായ ആര്‍ ഡി എസ് പ്രൊജക്ട്‌സ് എംഡി സുമിത് ഗോയലിനെയും മുന്‍ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തെ വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News