പ്രളയത്തെ നേരിടാന്‍ കോഴിക്കോട് ബ്ലോക്കിന്റെ ദുരന്തനിവാരണ സേന

കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ റസ്‌ക്യു മിഷന്‍ 2019 ന്റെ ഭാഗമായി ദുരന്തനിവാരണ ഗ്രൂപ്പ് രൂപീകരിക്കുമെന്ന് കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ് കുമാര്‍ പറഞ്ഞു. ഒളവണ്ണ,  കടലുണ്ടി ബറ്റാലിയന്‍ എന്നി പേരുകളിലാണ് ദുരന്തനിവാരണ ഗ്രൂപ്പ് അറിയപ്പെടുക. ജില്ലയില്‍ ഏറ്റവുമധികം പ്രളയം ബാധിച്ച സ്ഥലമാണ് ഒളവണ്ണ. ഒളവണ്ണ പഞ്ചായത്തില്‍ 13, 16 വാര്‍ഡുകളെയാണ് പ്രളയം കാര്യമായി ബാധിച്ചത്. ഇവിടെയുള്ള 10000 ത്തോളം വീടുകളെയാണ് പ്രളയം ബാധിച്ചതെന്ന് പ്രസിഡന്റ് പറഞ്ഞു.

കാലാവസ്ഥ ജാഗ്രത, ബോധവല്‍ക്കരണ പ്രവര്‍ത്തനം, രക്ഷാപ്രവര്‍ത്തനം,  പുനരധിവാസം, ഗതാഗതം, ആരോഗ്യം, മാനസിക ആശ്വാസം, ക്രമസമാധാനം, ദുരന്ത ആഘാത ലഘൂകരണ കേഡറ്റ്, മൃഗ സംരക്ഷണം എന്നിങ്ങനെ 10 കേഡറ്റ് ഗ്രൂപ്പുകളാണ് ഉണ്ടാവുക. ഓരോ വാര്‍ഡില്‍ നിന്നും ചുരുങ്ങിയത് 10 പേര്‍ ഓരോ ഗ്രൂപ്പിലുമുണ്ടാവും.

കേഡറ്റുകള്‍ക്കുള്ള പരിശീലന പരിപരിപാടി 23 ന് ഒളവണ്ണ പഞ്ചായത്തിലും 24 ന് കടലുണ്ടി പഞ്ചായത്തിലും നടക്കും. പ്രകൃതിക്ഷോഭങ്ങളെ തടയാന്‍ പറ്റില്ലെങ്കിലും മുന്‍കരുതലുകള്‍ ഒരുക്കി രക്ഷാപ്രവര്‍ത്തനങ്ങള്‍ മികവുറ്റ രീതിയില്‍ നടപ്പിലാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇത്തരമൊരു ദൗത്യവുമായി മുന്നോട്ടു പോവുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു. യുവജന രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന സംഘടന നേതാക്കള്‍, മറ്റ് സന്നദ്ധ സംഘടന പ്രവര്‍ത്തകള്‍ എന്നിവര്‍ വളണ്ടിയര്‍മാരാകാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യത്തിന്റെ ആദ്യ ഘട്ടമായി ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ രണ്ട് പഞ്ചായത്തിലുമുള്ള 10000 ത്തോളം വീടുകളില്‍ സര്‍വ്വെ പൂര്‍ത്തീകരിച്ചു. ദൗത്യത്തിന്റെ രണ്ടാം ഘട്ടമാണ് ഇനി നടക്കാന്‍ പോകുന്ന പരിശീലനം.

ഗുരുവായൂരപ്പന്‍ കോളേജിലെയും ഇരിങ്ങല്ലൂര്‍ പി കെ എം കോളേജിലെയും 400 എന്‍എസ്എസ് വളണ്ടിയര്‍മാരാണ് സര്‍വ്വെ നടത്തിയത്. വാര്‍ഡ് മെമ്പര്‍മാര്‍, എഡിഎസ്, ആശാ വര്‍ക്കര്‍മാര്‍, അംഗന്‍വാടി വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ സഹായത്തോടെയാണ് സര്‍വ്വെ പൂര്‍ത്തികരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel