വിജെടി ഹാള്‍ അയ്യങ്കാളി ഹാള്‍ ആകുമ്പോള്‍

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ദിനേശന്‍ പുത്തലത്ത് ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ:

‘തിരുവനന്തപുരം വിജെടി ഹാളിന്റെ പേര് അയ്യങ്കാളി ഹാള്‍ എന്ന് പുനര്‍നാമകരണം ചെയ്യാനുള്ള തീരുമാനം സംസ്ഥാന സര്‍ക്കാര്‍ എടുത്തുകഴിഞ്ഞു. നവോത്ഥാന ചരിത്രത്തില്‍ സവിശേഷ സ്ഥാനമുള്ള അയ്യങ്കാളിയുടെ ജീവിതത്തിനോടുള്ള ആദരവാണ് ഈതീരുമാനം. മാത്രമല്ല, കൊളോണിയല്‍ ആധിപത്യങ്ങളുടെ അടയാളങ്ങള്‍ പേറിനടക്കേണ്ടതല്ല, എന്ന ഓര്‍മ്മപ്പെടുത്തലും അതിലുണ്ട്.

1896 ല്‍ ശ്രീമൂലം തിരുനാളിന്റെ കാലത്താണ് വിജെടി ഹാള്‍ നിര്‍മ്മിച്ചത്. വിക്ടോറിയ രാജ്ഞിയുടെ കിരീട ധാരണത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു ഇത്. ആദ്യ കാലത്ത് സെക്രട്ടറിയേറ്റിലെ ദാര്‍ബാള്‍ ഹാളില്‍ ചേര്‍ന്ന തിരുവിതാംകൂര്‍ നിയമസഭ പിന്നീട് ഈ ഹാളിലാണ് ചേര്‍ന്നിരുന്നത്. ഈ മാറ്റത്തിനും ഒരു കാരണമുണ്ടായിരുന്നു. ശക്തമായ സാമൂഹ്യ സമ്മര്‍ദ്ദം ഉയര്‍ന്നുവന്നതോടെ പിന്നോക്ക വിഭാഗങ്ങളും മറ്റും ഈ സഭയില്‍ അംഗങ്ങളായി. അതിന്റെ അനന്തരഫലമായിരുന്നു ഈ വേദിമാറ്റം.

വിജെടി ഹാളില്‍ നടന്നിരുന്ന നിയമസഭയില്‍ അയ്യങ്കാളിയും അംഗമായിരുന്നു. അധസ്ഥിത വിഭാഗത്തിനായി അയ്യങ്കാളി നടത്തിയ നിരവധി പ്രസംഗത്തിന് വേദിയായിരുന്നു ഇവിടം. സൗജന്യവിദ്യാഭ്യാസത്തിനും, ഭൂവിതരണത്തിനും ഉച്ചക്കഞ്ഞിക്കുമെല്ലാം വേണ്ടി അദ്ദേഹം ശബ്ദമുയര്‍ത്തിയത് ഇവിടെ വച്ചായിരുന്നു. ആ പോരാട്ടത്തിന്റെ സ്മരണ അടയാളപ്പെടുത്തുന്നതാണ് ഈ പേരുമാറ്റം.

കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ സവിശേഷമായ സ്ഥാനമാണ് അയ്യങ്കാളിക്കുള്ളത്. കേവലം 22 വയസ് പ്രായമുള്ളപ്പോള്‍ 1895 ല്‍ ദളിത് യുവാക്കളെ സംഘടിപ്പിച്ച് പൊതുവഴിയിലൂടെ നടന്ന് ഒരു പ്രതിരോധ പ്രസ്ഥാനം തന്നെ അദ്ദേഹം രൂപീകരിച്ചു. ജാതി മേധാവികളുടെ ആക്രമണത്തിന് അദ്ദേഹം വിധേയമായി. ഇവയ്‌ക്കെതിരെ ഉജ്ജ്വലമായ ചെറുത്തുനില്‍പ്പുകളിലും അദ്ദേഹം വ്യാപൃതനായി. സ്വന്തമായി സജ്ജീകരിച്ച വില്ലുവണ്ടിയിലേറി വെങ്ങാനൂരിലെ തെരുവിലൂടെ അയ്യങ്കാളി നടത്തിയ സഞ്ചാരം കേരളത്തിന്റെ ജനാധിപത്യ മുന്നേറ്റ ചരിത്രത്തിലെ ഉജ്ജ്വല അധ്യായമാണ്.

അയ്യങ്കാളി നയിച്ച ഇത്തരത്തിലുള്ള പോരാട്ടങ്ങളുടെ കൂടി ഫലമായി ദളിത് വിഭാഗങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം അനുവദിച്ചുകൊണ്ട് 1890-ല്‍ പ്രഖ്യാപനം വന്നു. തുടര്‍ന്ന് സ്‌കൂള്‍ വിദ്യാഭ്യാസത്തിനും മാറ് മറയ്ക്കരുതെന്ന നിയമങ്ങള്‍ക്കുമെതിരെ അദ്ദേഹം പോരാടി. അടിയായ്മയുടെ ചിഹ്നമായ കല്ലുമാല ധരിക്കണമെന്ന കീഴ്വഴക്കത്തിനെതിരെ പോരാട്ടങ്ങളുടെ പരമ്പര ഉയര്‍ത്തിക്കൊണ്ടുവന്നു. ഇതിനായി 1905-ല്‍ സാധുജന പരിപാലന സംഘത്തിന് രൂപം നല്‍കി. 1907-ല്‍ അയിത്ത ജാതിക്കാര്‍ക്ക് സ്‌കൂള്‍ പ്രവേശനം അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തുവന്നു. പക്ഷെ അത് നടപ്പിലാക്കപ്പെട്ടില്ല.

നവോത്ഥാന ചരിത്രത്തിലെ പോരാട്ടങ്ങളുടെ ഒരു പുതിയ മുഖം തുറന്നുകൊണ്ടായിരുന്നു അയ്യങ്കാളി ഇതിനോട് പ്രതികരിച്ചത്. മണ്ണില്‍ പണിയെടുക്കുന്ന അധഃസ്ഥിത വിഭാഗങ്ങളുടെ കുട്ടികളെ സ്‌കൂളില്‍ പ്രവേശിപ്പിച്ചില്ലെങ്കില്‍ നാട്ടിലെ കൃഷിയിടങ്ങളെല്ലാം ‘മുട്ടിപ്പുല്ല് കുരുപ്പിക്കും’ എന്ന് അയ്യങ്കാളി പ്രഖ്യാപിച്ചു. അങ്ങനെ കേരളത്തിലെ ആദ്യത്തെ കര്‍ഷകതൊഴിലാളി പണിമുടക്കിന് അയ്യങ്കാളി ആഹ്വാനം നല്‍കി.

‘അധ്വാനത്തിന് ന്യായമായ കൂലി, ആഴ്ചയില്‍ ഒരുദിവസം വിശ്രമം’ എന്ന മറ്റൊരു സുപ്രധാന മുദ്രാവാക്യം കൂടി ഇതോടൊപ്പം മുന്നോട്ടുവെയ്ക്കപ്പെട്ടു. അതും ലക്ഷ്യത്തിലേക്കെത്തിച്ചു. തൊഴിലാളി സംഘടനകളെക്കുറിച്ചുള്ള അവബോധം ഇല്ലാതിരുന്ന കാലത്താണ് ഇത്തരം സമരങ്ങളെ അദ്ദേഹം ഉയര്‍ത്തിക്കൊണ്ടുവന്നത്. ജാതി വിരുദ്ധ പോരാട്ടത്തിന് സാമ്പത്തികമായ സമരങ്ങളുടെയും പ്രധാന്യം തിരിച്ചറിഞ്ഞുകൊണ്ട് ഇടപെട്ട അയ്യങ്കാളി കാലത്തിന് ഒരു പടി മുന്നില്‍ നടക്കുകയായിരുന്നു.

സാമൂഹ്യനീതിയും വര്‍ഗപരവുമായ അടിച്ചമര്‍ത്തലിന്റെ പ്രശ്‌നങ്ങളും യോജിപ്പിച്ചുകൊണ്ടുള്ള അയ്യങ്കാളിയുടെ നിലപാട് മുന്നോട്ടുകൊണ്ടുപോയത് കമ്മ്യൂണിസ്റ്റ് പാര്‍ടിയാണ്. അതിനാലാണ് സാമൂഹ്യ നീതിക്കുവേണ്ടിയുള്ള സമരം നടത്തുമ്പോള്‍ തന്നെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ആവശ്യങ്ങള്‍ ഉന്നയിച്ച് പാര്‍ടി പോരാടിയത്.

പാലിയം സമരം പോലുള്ളവ നടത്തുമ്പോള്‍ തന്നെ തൊഴിലാളികളുടെ കൂലി കൂടുതലിന് വേണ്ടിയുള്ള സമരവും ഉയര്‍ത്തിക്കൊണ്ടുവന്നത് അതുകൊണ്ടാണ്. അടിസ്ഥാന ജനവിഭാഗത്തെ കൈപിടിച്ചുയര്‍ത്തുന്ന ഈ നിലപാട് സാംസ്‌കാരിക മണ്ഡലങ്ങളിലും അലകളായി മാറി. ഈ മുന്നേറ്റമാണ് രണ്ടിടങ്ങഴി പോലുള്ള നോവലുകളുടെ പിറവിലേക്ക് നയിച്ചത്. നിലവിലുള്ള സൗന്ദര്യ സങ്കല്‍പ്പങ്ങളെ അത് വെല്ലുവിളിച്ചു. അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ പ്രതിനിധികള്‍ നായികാ-നായകരായി സാഹിത്യ രംഗത്തേക്ക് കാലുറപ്പിക്കാന്‍ തുടങ്ങി. നമ്മുടെ സൗന്ദര്യ സങ്കല്‍പ്പങ്ങളെ പുതുക്കിപ്പണിയുന്ന ദിശയിലേക്ക് അത് നീങ്ങി.

അയ്യങ്കാളിയെപ്പോലുള്ളവര്‍ മുന്നോട്ടുവച്ച നവോത്ഥാന ആശയങ്ങളെ ചവിട്ടിമെതിക്കാനുള്ള ശ്രമങ്ങള്‍ വര്‍ത്തമാനകാലത്ത് നമ്മുടെ നാട്ടിലും സജീവമായി ഉയര്‍ന്നുവന്നു. എന്നാല്‍ ആ മൂല്യങ്ങളെ മുന്നോട്ടുകൊണ്ടുപോകാന്‍ എല്ലാ എതിര്‍പ്പുകളെയും നേരിട്ട് ജനത മുന്നോട്ടുപോയി. നവോത്ഥാന സംരക്ഷണത്തിനായി ഇടതുപക്ഷം നടത്തിയ ഇടപെടലുകള്‍ ചരിത്രത്തില്‍ എന്നും നിറഞ്ഞുനില്‍ക്കുക തന്നെ ചെയ്യും. നവോത്ഥാന മൂല്യത്തിന് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി തന്നെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. അത് വാക്കുകളില്‍ ഒതുക്കാനല്ല, പ്രവൃത്തിയിലൂടെ തെളിയിക്കാന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കുന്നതാണ് ഈ പുനര്‍നാമകരണം.’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News