വരുന്നു ജിംനേഷ്യവും പുല്‍ത്തകിടിയും;കൊല്ലം കലക്ട്രേറ്റിന് ഇനി പുതിയ മുഖം

ജിംനേഷ്യവും പുല്‍ത്തകിടിയും പച്ചക്കറിത്തോട്ടവും സ്ഥാപിച്ച് കലക്ട്രേറ്റിന് പുതിയ മുഖം നല്‍കുകയാണ് ജില്ലാ ഭരണകൂടം. ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് കലക്ട്രേറ്റ് മട്ടുപ്പാവില്‍ ജിംനേഷ്യം സ്ഥാപിക്കുന്നത്. പുല്‍ത്തകിടി നിര്‍മിച്ച് കലക്ട്രേറ്റ് അങ്കണം മനോഹരമാക്കും. ഓണത്തിന് മുന്‍പ് മാലിന്യങ്ങള്‍ നീക്കി കലക്ട്രേറ്റ് മോടിപിടിപ്പിക്കാനും ജില്ലാ കലക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

കലക്ട്രേറ്റ് പരിസരത്തെ കാടുകള്‍ തൊഴിലുറപ്പ് ജീവനക്കാരെ ഉപയോഗപ്പെടുത്തി സെപ്റ്റംബര്‍ ഒന്നിന് വൃത്തിയാക്കണം. വരാന്തകളില്‍ കൂട്ടിയിരിക്കുന്ന ഉപയോഗ ശൂന്യമായ ഫര്‍ണിച്ചറുകള്‍ ലേലം ചെയ്ത് മാറ്റണം. ടയറുകള്‍, മറ്റ് പാഴ് വസ്തുക്കള്‍ എന്നിവ ശുചിത്വമിഷന്റെ സഹകരണത്തോടെ സംസ്‌കരിക്കാന്‍ നടപടി സ്വീകരിക്കണം.

ജീവനക്കാര്‍ കൊണ്ടുവരുന്ന ഭക്ഷണ സാധനങ്ങളുടെ അവശിഷ്ടങ്ങള്‍ ബയോഗ്യാസ് പ്ലാന്റിലും തുമ്പൂര്‍മൊഴി പ്ലാന്റിലുമായി സംസ്‌കരിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങളും അജൈവ മാലിന്യങ്ങളും പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി സംസ്‌കരിക്കും. ശുചീകരണ ജീവനക്കാര്‍ക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ നടത്തും. ഓരോ നിലയിലെയും ശുചീകരണ പ്രവര്‍ത്തനങ്ങളുടെയും മേല്‍നോട്ടത്തിന് അതത് നിലയിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക ടീം രൂപീകരിക്കും. ഇതുസംബന്ധിച്ച് ഓഫീസ് മേധാവികള്‍ക്കായി സെപ്റ്റംബര്‍ മൂന്നിന് ഉച്ചക്ക് രണ്ടിന് പ്രത്യേക യോഗം ചേരും.

കലക്ട്രേറ്റ് പരിസരത്തെ ലഭ്യമായ സ്ഥലത്ത് പച്ചക്കറിത്തോട്ടം നിര്‍മിക്കാന്‍ കൃഷി വകുപ്പുമായി സഹകരിച്ച് പദ്ധതികള്‍ നടപ്പിലാക്കും. ഹരിതകേരളം മിഷനായിരിക്കും പച്ചക്കറി തോട്ടത്തിന്റെ നിര്‍മാണ ചുമതല. കലക്ട്രേറ്റില്‍ നടക്കുന്ന എല്ലാ പരിപാടികള്‍ക്കും ഗ്രീന്‍പ്രോട്ടോകോള്‍ നിര്‍ബന്ധമാക്കുമെന്നും കലക്ടര്‍ പറഞ്ഞു. യോഗത്തില്‍ എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എസ് ഐസക്ക്, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ജി സുധാകരന്‍, പ്രിസന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സിബി ജോസഫ് പേരയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News