സീറോ മലബാര്‍ സഭയുടെ സിനഡിന് ഇന്ന് സമാപനം

സീറോ മലബാര്‍ സഭയുടെ പതിനൊന്ന് ദിവസം നീണ്ടുനിന്ന സമ്പൂര്‍ണ്ണ സിനഡിന് ഇന്ന് സമാപനം. വിവാദ ഭൂമിയിടപാട്, എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുളള അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പ്, വ്യാജരേഖാ കേസ് തുടങ്ങിയ കാര്യങ്ങളില്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ നിര്‍ണായകമാകും.

സീറോ മലബാര്‍ സഭ മുമ്പെങ്ങും അഭിമുഖീകരിക്കാത്ത പ്രശ്‌നങ്ങളിലൂടെയും പ്രതിഷേധങ്ങളിലൂടെയും കടന്നുപോകുന്നതിനിടെയാണ് സിനഡ് തീരുമാനങ്ങള്‍ നിര്‍ണായകമാകുന്നത്. 11 ദിവസം നീണ്ടുനിന്ന സിനഡിനിടയില്‍ നിരവധി തവണ വിമതശബ്ദങ്ങള്‍ ഉയര്‍ന്നിരുന്നു. എറണാകുളം -അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമിയിടപാടിലും വ്യാജരേഖ കേസിലും സിനഡ് കൈക്കൊണ്ട നിലപാട് കാത്തിരിക്കുകയാണ് സഭയിലെ ഒരു വലിയ വിഭാഗം. അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുളള പുതിയ അഡ്മിനിസ്‌ട്രേറ്റീവ് ആര്‍ച്ച് ബിഷപ്പിനെയും സിനഡ് പ്രഖ്യാപിക്കും.

അതിരൂപതാംഗങ്ങള്‍ കൂടിയായ മാണ്ഡ്യ ആര്‍ച്ച് ബിഷപ്പ് ആന്റണി കരിയല്‍, ഫരീദാബാദ് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര എന്നിവരുടെ പേരുകളാണ് ഉയര്‍ന്നുകേള്‍ക്കുന്നത്. അതേസമയം നേരത്തേ നടപടിക്ക് വിധേയരായ സഹായമെത്രാന്മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ കേരളത്തിന് പുറത്തേക്ക് മാറ്റിയേക്കും. അതിരൂപതയുമായി ബന്ധപ്പെട്ട അനാവശ്യ വിവാദങ്ങള്‍ ഒഴിവാക്കണമെന്ന് സിനഡ് നേരത്തേ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരുന്നു.

അതേസയം തങ്ങള്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളില്‍ സിനഡില്‍ നിന്നും അനുകൂല തീരുമാനം ഉണ്ടായില്ലെങ്കില്‍ പരസ്യപ്രതിഷധവുമായി മുന്നോട്ടുവരുമെന്ന് വിമതവിഭാഗവും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രത്യേകിച്ച് വ്യാജരേഖാ കേസുമായി ബന്ധപ്പട്ട് ഇനിയും നടപടികള്‍ തുടര്‍ന്നാല്‍ കൂട്ടത്തോടെ അറസ്റ്റ് വരിക്കുമെന്നാണ് ഒരു വിഭാഗം വൈദികരുടെ മുന്നറിയിപ്പ്. സിനഡ് തീരുമാനങ്ങള്‍ പുറത്തുവരുന്നതോടെ സഭയെ പ്രതിരോധത്തിലാക്കിയ പ്രശ്‌നങ്ങള്‍ മഞ്ഞുരുകുമോ അതോ രൂക്ഷമാകുമോ എന്നതാണ് ഇനി നോക്കിക്കാണേണ്ടതും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News