കശ്മീര്‍: യെച്ചൂരിയെ കേള്‍ക്കാന്‍ ഇന്ത്യന്‍ രാഷ്ട്രീയം; ഇന്ന് മടങ്ങുമെന്ന് സൂചന

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷം കശ്മീരില്‍ തുടരുന്ന വിലക്കുകളുടെയും രാഷ്ട്രീയ അനിശ്ചിതാവസ്ഥകള്‍ക്കും നടുവില്‍ സുപ്രീം കോടതി ഉത്തരവ് നേടി കശ്മീര്‍ സന്ദര്‍ശിച്ച സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് മടങ്ങിയേക്കും.

ഇന്നലെ കശ്മീരിലെത്തിയ യെച്ചൂരി സിപിഐഎം കേന്ദ്രകമിറ്റി അംഗവും എംഎല്‍എയുമായ മുഹമദ് യൂസഫ് തരിഗമായെ സന്ദര്‍ശിച്ചു.

370 റദ്ദാക്കിയ ശേഷം കശ്മീരിലെത്തുന്ന ആദ്യ പ്രതിപക്ഷ രാഷ്ട്രീയ നേതാവാണ് സീതാറാം യെച്ചൂരി അതുകൊണ്ട് തന്നെ കശ്മീരിന്റെ നിലവിലെ സ്ഥിതിഗതികള്‍ അറിയാന്‍ രാജ്യം യെച്ചൂരിയുടെ വാക്കുകള്‍ക്കാണ് കാത്തിരിക്കുന്നത്.

വീട്ടുതടങ്കലില്‍ കഴിയുന്ന സിപിഐഎം എംഎല്‍എയും കേന്ദ്രകമിറ്റി അംഗവുമായ മുഹമ്മദ് യൂസഫ് തരിഗാമിയെ കാണാനാണ് യെച്ചൂരി കശ്മീരിലെത്തിയത്.

രണ്ട് തവണ വിമാനത്താവളത്തില്‍ പൊലീസ് തടഞ്ഞ സന്ദര്‍ശനം സുപ്രീം കോടതിയെ സമീപിച്ചാണ് യെച്ചൂരി നേടിയെടുത്തത്. ഇന്നലെ യെച്ചൂരിക്കൊപ്പമെത്തിയ മാധ്യമ സംഘത്തെ വിമാനത്താവളത്തില്‍ തടഞ്ഞിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് യെച്ചൂരിയുടെ കശ്മീര്‍ സന്ദര്‍ശനം. സന്ദര്‍ശനത്തിനിടെ മാധ്യമങ്ങളെ കാണുന്നതിനോ രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുന്നതിനോ യെച്ചൂരിക്ക് കോടതിയുടെ അനുവാദമില്ല 370 റദ്ദാക്കുന്നതിന് മുന്നോടിയായി കശ്മീരില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ ഇന്റര്‍നെറ്റിനും ആശയ സംവേദനത്തിനും ഏറിയും കുറഞ്ഞും അതേപടി തന്നെ തുടരുന്ന സാഹചര്യത്തില്‍ കശ്മീരിലെ സംഭവവികാസങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ക്ക് പോലും റിപ്പോര്‍ട്ട് ചെയ്യാന്‍ സാധിക്കുന്നില്ല.

മടങ്ങിയെത്തി കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം യെച്ചൂരി വിശദമായ പ്രതികരണം നടത്തുമെന്ന് അറിയിച്ചിരുന്നു. തരിഗാമിക്കൊപ്പം തങ്ങണമെന്ന യെച്ചൂരിയുടെ ആവശ്യം ഇന്നലെയാണ് അംഗീകരിച്ചത്.

നിയമത്തെ ദുരുപയോഗം ചെയ്ത് രാജ്യത്തെ ഒരു ജനതയെ ദിവസങ്ങളായി തടവിലിട്ട ഭരണകൂടത്തിനെതിരെ നിയമത്തിന്റെ തന്നെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി നേടിയെടുത്ത വിജയമായി യെച്ചൂരിയുടെ സന്ദര്‍ശനത്തെ നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here