പ്രകൃതിചൂഷണം കുറയ്ക്കുന്നതിനായി ‘നിര്‍മിത വീടുകള്‍’ നിര്‍മിച്ച് നല്‍കും

പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കെട്ടിടനിര്‍മാണത്തിന് സംസ്ഥാനം പുതിയ മാര്‍ഗങ്ങള്‍ സ്വീകരിക്കും. പ്രകൃതിചൂഷണം കുറയ്ക്കുന്ന നിര്‍മിത (പ്രീ- ഫാബ്രിക്കേഷന്‍) സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള വീടുകളും കെട്ടിടങ്ങളും നിര്‍മിക്കുന്നതിന് മന്ത്രിസഭായോഗം തീരുമാനിച്ചു. ലൈഫ് മിഷനില്‍ ഉള്‍പ്പെടെ ഭവനസമുച്ചയങ്ങളെ ഈ രീതിയിലേക്ക് മാറ്റുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടതെങ്കിലും കേരളീയര്‍ക്ക് വലിയ പരിചിതമല്ലാത്തതാണിത്. തുടക്കത്തില്‍ സ്വീകാര്യതക്കുറവ് ഉണ്ടാകാം. നിലവിലുള്ള രീതിയില്‍ വീട് നിര്‍മാണത്തിന് അസംസ്‌കൃത വസ്തുക്കള്‍ എങ്ങനെ കിട്ടും എന്നതാണ് പ്രശ്നം. നിര്‍മിത സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിന് സംസ്ഥാനതല ഉന്നതാധികാര സമിതി തീരുമാനം എടുത്തിട്ടുണ്ട്. ചെന്നൈ ഐഐടി ഇത്തരം നിര്‍മാണം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഓര്‍ഡര്‍ നല്‍കിയാല്‍ വീടുകള്‍ ഫാക്ടറിയില്‍ നിര്‍മിച്ച് നമ്മുടെ സ്ഥലത്ത് സ്ഥാപിക്കുന്ന ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ട്- മുഖ്യമന്ത്രി പറഞ്ഞു.

ആവാസവ്യവസ്ഥ പഠിക്കാന്‍ കമ്മിറ്റി

സംസ്ഥാനത്ത് പ്രകൃതിദുരന്തങ്ങള്‍ ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ദുരന്തബാധിത, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചല്‍ പ്രദേശങ്ങളെക്കുറിച്ച് പഠിക്കുന്നതിന് സമിതിയെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ജലവിഭവ എന്‍ജിനിയറിങ് വിദഗ്ധന്‍കൂടിയായ ശാസ്ത്ര സാങ്കേതിക കൗണ്‍സില്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ പി സുധീര്‍ കണ്‍വീനറായ സമിതിയാണ് പഠനം നടത്തുക.

ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രം, ഐഐടി ചെന്നൈ, ഇന്ത്യന്‍ കാലാവസ്ഥാവകുപ്പില്‍ സീനിയര്‍ തസ്തികയില്‍ ഉണ്ടായിരുന്നവര്‍, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പര്‍ സെക്രട്ടറി തുടങ്ങിയവരും വിദഗ്ധസമിതിയില്‍ അംഗമാണ്. മൂന്നു മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

പ്രകൃതിലോല പ്രദേശങ്ങളിലും മറ്റിടങ്ങളിലും ആവാസവ്യവസ്ഥ എങ്ങനെയാകണമെന്ന പരിശോധനയാണ് സമിതി നടത്തുക. ശാസ്ത്രീയ അപഗ്രഥനം കൂടാതെ ഭൂവിനിയോഗം, ഭൂപ്രദേശത്തിന്റെ ദൃഢത എന്നിവയെക്കുറിച്ചും പഠനം നടത്തും. തീവ്ര മണ്ണിടിച്ചില്‍-പ്രളയദുരന്ത സാധ്യതയുള്ള പ്രദേശങ്ങളെ സൂചിപ്പിക്കുന്ന രീതിയും സൂചകങ്ങളും പരിശോധിക്കുക, ദുരന്തങ്ങളും അനന്തരഫലവും കുറയ്ക്കാനുള്ള പരിഹാര നടപടി, ഭൂവിനിയോഗം, ദുരന്താഘാതശേഷി എന്നിവ സംബന്ധിച്ച നിര്‍ദേശം വയ്ക്കുക എന്നിവയാണ് സമിതിയുടെ പരിഗണനാ വിഷയങ്ങള്‍. ആവശ്യമെങ്കില്‍ ദേശീയ, അന്തര്‍ദേശീയ വിദഗ്ധരുമായി ആശയവിനിമയം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News