ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് മാനസിക പുന്തുണയുമായി ഡി വൈ എഫ് ഐയുടെ ടീം സ്‌മൈല്‍

ദുരന്തത്തില്‍പ്പെട്ട് മാനസികമായി തകര്‍ന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ ഡി വൈ എഫ് ഐ ഏറ്റെടുക്കുന്നു. വേദന അനുഭവിക്കുന്നവര്‍ക്ക് മാനസിക പിന്തുണ ഉറപ്പു നല്‍കാന്‍ ടീം സ്‌മൈല്‍ രൂപീകരിച്ചാണ് പ്രവര്‍ത്തനം. സംസ്ഥാനതല വളണ്ടിയര്‍ ട്രെയിനിംഗ് കോഴിക്കോട് നടന്നു.

മറക്കാം മുറിവുള്ള ഓര്‍മ്മകള്‍, അതിജീവിക്കാം ഒരുമിച്ച് എന്ന ആശയം മുന്‍നിര്‍ത്തിയാണ് ഡി വൈ എഫ് ഐ ദുരന്തബാധിതരെ സമീപിക്കാനൊരുങ്ങുന്നത്. എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് സാധാരണ ജീവിതത്തിലേക്ക് തിരികെയെത്താന്‍ വലിയ മാനസിക പിന്തുണ ആവശ്യമാണ്. ഇത് തിരിച്ചറിഞ്ഞാണ് ടീം സ്‌മൈല്‍ രൂപീകരിക്കാനുള്ള തീരുമാനം.

സൈക്കോളജി, എം എസ് ഡബ്ല്യു വിദ്യാര്‍ത്ഥികളെ സഹകരിപ്പിച്ചാണ് ടീം രൂപീകരിക്കുക. സ്വയം സന്നദ്ധരായി മുന്നോട്ട് വന്നവര്‍ക്കുള്ള ആദ്യഘട്ട പരിശീലനം കോഴിക്കോട് നടന്നു. ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം ഉള്‍പ്പടെയുള്ള സംസ്ഥാന ഭാരവാഹികള്‍ വളണ്ടിയര്‍ ട്രെയിനിംഗില്‍ പങ്കെടുത്തു.

കാലിക്കറ്റ് സര്‍വകലാശാല മനശാസ്ത്ര വിഭാഗം പ്രൊഫസര്‍ ബേബി ഷാരിയുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. വയനാട്, മലപ്പുറം ജില്ലകളിലെ ദുരിത ബാധിത പ്രദേശങ്ങളില്‍ ടീം സ്‌മൈല്‍ വളണ്ടിയര്‍മാരെത്തും. പ്രകൃതി തകര്‍ത്ത മനസ്സുകളെ തിരികെ ജീവിതത്തിലേക്കെത്തിക്കാന്‍. കോഴിക്കോട് നടന്ന വളണ്ടിയര്‍ ട്രെയിനിംഗില്‍ ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, ട്രഷറര്‍ എസ് കെ സജീഷ്, വി വസീഫ് എന്നിവരും പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here