ഗഗന്‍യാനിലെ ആദ്യ യാത്രാ സംഘത്തില്‍ വനിതകള്‍ ഉണ്ടാവില്ല

ഇന്ത്യയുടെ ബഹിരാകാശ പദ്ധതിയായ ഗഗന്‍യാനിലെ ആദ്യ സംഘത്തില്‍ വനിതകളായ ബഹാരാകാശ സഞ്ചാരികള്‍ ഉണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സൈന്യത്തിലെ ടെസ്റ്റ് പൈലറ്റുകളെയാണ് ആദ്യ ബഹിരാകാശ സംഘത്തിലേക്ക് ഐ.എസ്.ആര്‍.ഒ പരിഗണിക്കുന്നത് . നിലവില്‍, സേനകളിലെ ടെസ്റ്റ് പൈലറ്റുമാരില്‍ വനിതകളില്ലാത്തതിനാല്‍,ഗഗന്‍യാന്‍ ദൗത്യത്തിലെ അംഗങ്ങളെല്ലാം പുരുഷന്‍മാരായിരിക്കും. വിദേശ രാജ്യങ്ങളും ആദ്യ യാത്രയ്ക്കു സേനാ പൈലറ്റുമാരെയാണു തിരഞ്ഞെടുത്തത്. എന്നാല്‍ ഭാവിയില്‍ നടത്തുന്ന യാത്രകളില്‍ വനിതകള്‍ക്കും പൊതുജനങ്ങള്‍ക്കും അവസരം നല്‍കുമെന്ന് ഐഎസ്ആര്‍ഒ വ്യക്തമാക്കി.

നിലവില്‍ ബഹിരാകാശ യാത്രികരാകാന്‍ യോഗ്യരായവരുടെ അവസാന പട്ടിക തയ്യാറാക്കുന്ന തിരക്കിലാണ് ഐ.എസ്.ആര്‍.ഒ. തിരെഞ്ഞെടുക്കപ്പെടുന്നവരെ ഐ.എസ്.ആര്‍.ഒ റഷ്യയില്‍ അയച്ച് പരിശീലനം നല്‍കും.ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രവും (ഐഎസ്ആര്‍ഒ) റഷ്യന്‍ ബഹിരാകാശ കേന്ദ്രമായ റോസ്‌കോസ്‌മോസും തമ്മിലുള്ള കരാറിന്റെ ഭാഗമായാണിത്. 15 മാസത്തെ പരിശീലനത്തിനായി നവംബറില്‍ 12 ബഹിരാകാശ സഞ്ചാരികളെ ഇന്ത്യ റഷ്യയിലേക്ക് അയയ്ക്കും. മികവിന്റെ അടിസ്ഥാനത്തില്‍ അതില്‍ നിന്ന് 3 പേരെ ദൗത്യത്തിനായി തിരഞ്ഞെടുക്കും. ബഹിരാകാശ പേടകത്തിന്റെ വിവിധ ഉപകരണങ്ങളും റഷ്യ ലഭ്യമാക്കും.

10,000 കോടി രൂപ ചെലവുള്ള ഗഗന്‍യാന്‍ ദൗത്യം 2022 ലാണു നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യന്‍ സഞ്ചാരികള്‍ 7 ദിവസം വരെ ബഹിരാകാശത്തു തങ്ങും. ഗഗന്‍യാന്‍ ദൗത്യത്തിന്റെ വിജയത്തിനായി ഫ്രാന്‍സും റഷ്യയും ഇന്ത്യയോട് സഹകരിക്കും. 2018 ലാണ് ഗഗന്‍യാന്‍ മിഷന്‍ പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here