
ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് നടനും സംഘപരിവാര്‍ സഹയാത്രികനുമായ സന്തോഷ് നായര്‍. ബി.ജെ.പിയെ സെറ്റില്‍മെന്റ് പാര്‍ട്ടി എന്നാണ് സന്തോഷ് കുറ്റപ്പെടുത്തുന്നത്. നല്ല നേതൃത്വം ഇല്ലാത്ത അതില്‍ എല്ലാവരും നേതാക്കളാണ്. അണികള്‍ ഇല്ല. ഇപ്പോള്‍ കുറേ ആളുകളെയൊക്കെ ചേര്‍ത്തു എന്ന് പറയുമ്പോഴും അതൊക്കെ നേതാക്കള്‍ തന്നെയാണ്. പിന്നെയുള്ളത് അങ്ങോട്ടും ഇങ്ങോട്ടും വെട്ടുന്ന ഗ്രൂപ്പ് കളിയുമാണ്.
മറ്റുള്ള പാര്‍ട്ടികളില്‍ ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ അവര്‍ ഒന്നാവും. ഇവിടെ അതില്ല.കേരളത്തില്‍ കോണ്‍ഗ്രസും കമ്മ്യുണിസ്റ്റ് പാര്‍ട്ടികളും ഭരിച്ചിട്ടുണ്ട്. അവര്‍ കുറേ നല്ല കാര്യങ്ങള്‍ ചെയ്തിട്ടുണ്ട്. ചിലതു ചെയ്തിട്ടില്ല. ഇപ്പോള്‍ അവര്‍ക്ക് മനസിലായി തുടങ്ങിയിട്ടുണ്ട്. ആരൊക്കെ എന്തൊക്കെ ചെയ്തു എന്നും ചെയ്യുന്നു എന്നും നമുക്കും മനസിലായിട്ടുണ്ടല്ലോ..? കേന്ദ്രം അത് ചെയ്തു എന്നൊക്കെ പറഞ്ഞ് ഇക്കരെ നില്‍ക്കുമ്പോള്‍ അക്കര പച്ച എന്ന് കണ്ട് എടുത്ത് ചാടരുത്. സെറ്റില്‍മെന്റ് പാര്‍ട്ടി വന്നാല്‍ എങ്ങനെയാവും എന്നൊന്നും പറയാന്‍ പറ്റില്ല.
കേരളം ഭരിച്ചിരുന്നവരില്‍ നല്ല വ്യക്തികള്‍ ഏറെയുണ്ട്.അവര്‍ വന്നാല്‍ കൂടുതല്‍ നല്ലതാവും. നല്ല വ്യക്തികള്‍ വരണം. തെരഞ്ഞെടുപ്പുകളില്‍ ഇത് നോക്കി വോട്ട് ചെയ്യണമെന്നും സന്തോഷ് പറയുന്നു. ആര്‍.എസ്.എസ് സഹയാത്രികന്‍ കൂടിയായ സന്തോഷ് ബി.ജെ.പി- ആര്‍.എസ്.എസ് വേദികളിലെ സ്ഥിരം സാന്നിധ്യമാണ്. കഴിഞ്ഞ ശബരിമല യുവതീപ്രവേശന വിവാദ സമയത്ത് ആര്‍.എസ്.എസ് നിയന്ത്രിത ശബരിമല കര്‍മസമിതിയുടെ മുന്‍നിരക്കാരിലെ പ്രധാനിയായിരുന്നു. പാര്‍ലിമെന്റ് തെരെഞ്ഞെടുപ്പ് സമയത്ത് നടന്‍ സുരേഷ്ഗോപി മത്സരിച്ച തൃശൂരില്‍ പ്രചാരണ ചുമതലയിലും സന്തോഷ് ഉണ്ടായിരുന്നു.
ആര്‍.എസ്.എസ്, ബി.ജെ.പി പ്രവര്‍ത്തകര്‍ അംഗങ്ങളായുള്ള വാട്‌സ്ആപ് ഗ്രൂപ്പില്‍ ആണ് സന്തോഷ് തന്റെ ബി.ജെ.പിക്കെതിരെയുള്ള വിമര്‍ശന വീഡിയോ പോസ്റ്റ് ചെയ്തത്. സംഘം ബന്ധങ്ങളുള്ള വ്യക്തികള്‍ക്കും സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെല്ലാം സന്തോഷ് ഇത് അയച്ച് കൊടുത്തിട്ടുമുണ്ട്. ഇക്കഴിഞ്ഞ 27ന് ആണ് എല്ലാവര്‍ക്കും ഇത് അയച്ചത്. നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതയാണ് വിമര്‍ശനത്തിന് പിന്നിലെന്നാണ് പറയുന്നത്. പരിപാടികളില്‍ വിളിക്കുന്നുണ്ടെങ്കിലും ഏതെങ്കിലും പദവികളില്‍ സന്തോഷിനു സ്ഥാനം നല്കിയിട്ടില്ലാത്തതും അവഗണിക്കുന്നുവെന്ന തോന്നലും കാരണമാണ്.
തെരെഞ്ഞെടുപ്പ് വിജയത്തിന് ശേഷം ഗുരുവായൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തിയപ്പോള്‍ പങ്കെടുപ്പിക്കാതിരുന്നത് ഉള്‍പ്പെടെ വിഷമങ്ങളില്‍ ഉണ്ട്. അതിന് ശേഷം ബി.ജെ.പി വേദികളില്‍ നിന്നും വിട്ട് നില്‍ക്കുകയുമാണത്രെ. കഴിഞ്ഞ ദിവസം പരിപാടിയുമായി ബന്ധപ്പെട്ടു വിളിച്ച നേതാക്കളോട് അതൃപ്തിയോടെയാണ് സംസാരിച്ചതെന്നും നേതാക്കള്‍ പറയുന്നു. ഗ്രൂപ്പുകളില്‍ വീഡിയോ ചര്‍ച്ചയായപ്പോള്‍ പലരും വിളിച്ചുവെങ്കിലും നേതാക്കള്‍ വിളിച്ചിട്ടില്ല. വിളിച്ചവരോടും നിലപാട് ആവര്‍ത്തിച്ചുവെന്നാണ് പറയുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here