എ ആർ റഹ്മാനും പ്രഭു ദേവക്കും ആദരം നൽകി വിധു പ്രതാപിന്റെ ആദ്യത്തെ കവർ സോങ്

ഈ ഓണക്കാലത്ത് തന്റെ ആദ്യത്തെ കവർ സോങ്ങുമായി ഗായകനും പെർഫോമറുമായ വിധു പ്രതാപ്. 1994 ഇൽ പുറത്തിറങ്ങിയ കാതലൻ എന്ന തമിഴ് സിനിമയിലെ ‘പേട്ട റാപ്’ എന്ന ഗാനം ആണ് വിധു കവർ സോങ്ങിനായി തിരഞ്ഞെടുത്തത്.

ഇന്ത്യയുടെ മോസർട്ടിനും എം ജെ ക്കും ഉള്ള ആദരവെന്ന ടൈറ്റിൽ കാർഡോടെ വരുന്ന ഗാനം, എ ആർ റഹ്‌മാനും പ്രഭു ദേവക്കും വേണ്ടിയാണ് സമർപ്പിച്ചിരിക്കുന്നത്.

സമൂഹ മാധ്യമങ്ങളിലെ തരംഗവും, ടിക് ടോകിൽ പോപ്പുലർ ക്രിയേറ്റർ ബാഡ്‌ജുമുള്ള ആർദ്ര സാജനും വിധുവിനോടൊപ്പം ഗാനത്തിന്റെ ഒരു സുപ്രധാന ഭാഗയുമായുണ്ട്.

കൗതുകമുണർത്തുന്ന ബീറ്റ് ബോക്സിങ് എന്ന ടെക്നിക്കിന്റെ മാത്രം അകമ്പടിയോടുകൂടി വരുന്ന ഈ ഗാനം എല്ലാ റഹ്മാൻ പ്രഭു ദേവ ആരാധകർക്കും ഒരു അർത്ഥവത്തായ ഓണ സമ്മാനം തന്നെയാണ്. ആർദ്രയാണ് ബീറ്റ് ബോക്സിങ് ചെയ്തിരിക്കുന്നത്.

രാവണ ക്രാഫ്റ്റിന്റെ ബാനറിൽ ഇറങ്ങിയ ഗാനം റഹ്‌മാന്റെ നിരവധി ഹിറ്റുകളുടെ ഹൂക് ലൈൻസ് ഉപയോഗിച്ച് കൊണ്ട് നമ്മളിലെ തൊണ്ണൂറുകളുടെ നല്ല ഓർമകളിലേക്കുള്ള ഒരു മടക്കയാത്ര തന്നെയാണ്.

“നമ്മൾ എല്ലാവരും കേട്ട് വളർന്ന ആ കാലഘട്ടത്തിലെ സംഗീതത്തെ തിരികെ കൊണ്ട് വരാനുള്ള ഒരു ചെറിയ ശ്രമമാണ് ഈ കവർ സോങ്.

തമിഴ് ഇൻഡസ്ട്രിയോടും അവിടത്തെ സമാനതകളില്ലാത്ത ക്രിയാത്മക സൃഷ്ടികളോടുമുള്ള സ്നേഹവും ആദരവുമാണ് ഈ ഗാനം. അവിടത്തെ സിനിമകളും സംഗീതവും എക്കാലവും നമ്മൾ മലയാളികൾ ഹൃദയത്തോട് ചേർത്തുപിടിക്കാറുണ്ട്.

രണ്ടു സംസ്ഥാനങ്ങളും തമ്മിലുള്ള സ്നേഹവും ഒരുമയും സാഹോദര്യവും തന്നെയാണ് ഈ ഒരു ശ്രമത്തിലൂടെ ഊട്ടി ഉറപ്പിക്കാൻ നോക്കുന്നത്.

ആർദ്രയെന്ന അനുഗ്രഹീതയായ കലാകാരിക്കൊപ്പം ചേർന്ന് നിന്നുകൊണ്ട് പുറത്തിറക്കുന്ന ഈ ഗാനം എല്ലാ അതിർവരമ്പുകൾക്കുമപ്പുറം സംഗീത പ്രേമികളിലേക്കെത്തുമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു! ” കവർ സോങ് ലോഞ്ചിനെക്കുറിച് വിധു പ്രതാപ് പറഞ്ഞു.

രാവണ ക്രാഫ്റ്റിന്റെ ബാനറിൽ ഇറങ്ങിയ ഗാനം അഖിൽ ഡേവിസ് പൊൻമനശ്ശേരിയുടെ നേതൃത്വത്തിൽ 3Flicks സംവിധാനം ചെയ്തിരിക്കുന്നു.

രൂപേഷ് ജയനാരായണൻ ആണ് നിർമാതാവ്. വിഡോയിൽ വിധു പ്രതാപിനും ആർദ്രക്കുമൊപ്പം ദേവാങ്കനയും നവനീതുമുണ്ട്. നിഖിൽ ബൈജു, അഖിൽ ഡേവിസ്, റോഷൻ ജേക്കബ് എന്നിവരാണ് കാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

റോഷൻ എഡിറ്റ് ചെയ്ത പേട്ട റാപ്പിന്റെ കോൺസെപ്റ്റും സ്റ്റൈലിംഗും ചെയ്തിരിക്കുന്നത് ദീപ്തി വിധു പ്രതാപാണ്. വിധുവിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകൾ വഴിയാണ് ഗാനം റിലീസ് ചെയ്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel