കാം സ്‌കാനര്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു; നടപടി പുതിയ കണ്ടെത്തലിനെ തുടര്‍ന്ന്

സ്മാര്‍ട്‌ഫോണുകളില്‍ നിന്നും ഡോക്യുമെന്റുകള്‍ സ്‌കാന്‍ ചെയ്‌തെടുക്കാന്‍ ഉപയോഗിച്ചിരുന്ന കാം സ്‌കാനര്‍ ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും നീക്കം ചെയ്തു. പരസ്യവിതരണത്തിന് ഉപയോഗിക്കുന്ന മാല്‍വെയര്‍ ആപ്ലിക്കേഷനില്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഈ നടപടി.

സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയാണ് കാം സ്‌കാനറിലെ മാല്‍വെയര്‍ സാന്നിധ്യം കണ്ടെത്തിയത്. ഏറ്റവും പുതിയ കാം സ്‌കാനര്‍ ആപ്പില്‍ ദോഷകരമായ ട്രൊജന്‍ ഡ്രോപ്പര്‍ മോഡ്യൂളും അടങ്ങിയിരുന്നുവെന്നും അവ അനധികൃതമായി പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഉപയോക്താക്കളെ പെയ്ഡ് സബ്‌സ്‌ക്രിപ്ഷനുകള്‍ എടുപ്പിക്കുകയും ചെയ്യുന്നുവെന്നും കാസ്പര്‍സ്‌കീ കണ്ടെത്തി.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ 10 ലക്ഷം പേര്‍ ഡൗണ്‍ലോഡ് ചെയ്ത ആപ്ലിക്കേഷനാണ് കാം സ്‌കാനര്‍. സുരക്ഷിതമായി പ്രവര്‍ത്തിച്ചിരുന്ന ആപ്ലിക്കേഷനായിരുന്നു കാം സ്‌കാനറെന്നും വരുമാനത്തിനായി പരസ്യങ്ങള്‍ കാണിക്കുകയും ഇന്‍ ആപ്പ് വില്‍പനകള്‍ നടത്തുകയും ചെയ്തിരുന്നു.

കാം സ്‌കാനറില്‍ കണ്ടെത്തിയ ട്രൊജന്‍ ഡ്രോപ്പര്‍. ആന്‍ഡ്രോയിഡ് ഓഎസ്. എന്‍ എന്ന മാല്‍വെയര്‍ നേരത്തെ ചൈനീസ് സ്മാര്‍ട്‌ഫോണുകളില്‍ മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തുവന്ന ആപ്ലിക്കേഷനുകളില്‍ കണ്ടെത്തിയിരുന്നു.

കാസ്പര്‍സ്‌കീ ഇക്കാര്യം ഗൂഗിളിനെ അറിയിച്ച ഉടന്‍ തന്നെ നടപടി സ്വീകരിക്കുകയായിരുന്നു. എന്നാല്‍ കാം സ്‌കാനര്‍ അധികൃതര്‍ ആപ്ലിക്കേഷനിലെ പ്രശ്‌നം പരിഹരിച്ചുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ കാം സ്‌കാനര്‍ ആപ്പ് ഇതുവരെ തിരികെയെത്തിയിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here