പാലാരിവട്ടം മേല്‍പ്പാല അഴിമതിക്കേസ്: ടി ഒ സൂരജ് ഉള്‍പ്പടെ നാല് പേരെ റിമാന്‍ഡ് ചെയ്തു

പാലാരിവട്ടം മേല്‍പ്പാല അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ് ഉള്‍പ്പടെ നാല് പേരെ റിമാന്‍ഡ് ചെയ്തു. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തത്.

കരാര്‍ കമ്പനിക്ക് ലാഭമുണ്ടാക്കാന്‍ പാലത്തിന്റെ രൂപ രേഖയും മറ്റ് രേഖകളും പ്രതികള്‍ മാറ്റം വരുത്തിയെന്ന് അന്വേഷണ സംഘം കണ്ടെത്തിയതോടെയാണ് ടി ഒ സൂരജ് ഉള്‍പ്പടെ നാല് പേരുടെ അറസ്റ്റ് വിജിലന്‍സ് രേഖപ്പെടുത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച കോടതി പരിഗണിക്കും.

പാലാരിവട്ടം മേല്‍പ്പാല നിര്‍മാണത്തിലെ അഴിമതിയുമായി ബന്ധപ്പെട്ട് 17 പ്രതികളാണ് വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച എഫ് ഐ ആര്‍ പ്രകാരമുള്ളത്. കേസിലെ ഒന്നാം പ്രതിയും പാലം നിര്‍മിച്ച ആര്‍ഡിഎസ് പ്രോജക്ട്‌സിന്റെ എംഡിയുമായ സുമിത്ത് ഗോയല്‍, ആര്‍ബിഡിസികെ മുന്‍ അഡീഷണല്‍ മാനേജറും രണ്ടാം പ്രതിയുമായ എംടി തങ്കച്ചന്‍, മൂന്നാം പ്രതി കിറ്റ്‌കോ മുന്‍ എംഡി ബെന്നി പോള്‍, എന്നിവരെയാണ് നാലാം പ്രതി ടി ഒ സൂരജിനെ കൂടാതെ വിജിലന്‍സ് സംഘം അറസ്റ്റ് ചെയ്തത്.

അഴിമതി, ഗൂഢാലോചന, വഞ്ചന, ധന അധികാര ദുര്‍വിനിയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ വിജിലന്‍സ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ എന്തിനാണ് തന്നെ അറസ്റ്റ് ചെയ്തതെന്ന് അറിയില്ലെന്നും താന്‍ നിര്‍മാണത്തിന്റെ ആദ്യ ഘട്ടത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ട് പോകും വഴി ടിഒ സൂരജ് മാധ്യമങ്ങളോട് പറഞ്ഞു. മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷം പ്രതികളെ മൂവാറ്റുപുഴ വിജിലന്‍സ് കോടതി മുമ്പാകെ ഹാജരാക്കി.

നാല് പ്രതികളെയും കോടതി റിമാന്‍ഡ് ചെയ്തു. കേസിലെ മറ്റ് പ്രതികളുടെ പങ്ക് വിശദമായ അന്വേഷണത്തില്‍ വ്യക്തമാകുന്ന മുറയ്ക്ക് കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നാണ് സൂചന. റിമാന്‍ഡ് ചെയ്ത പ്രതികളെ മൂവാറ്റുപുഴ സബ് ജയിലിലേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച്ച പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News