പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിച്ച് ഒരുപിടി മനുഷ്യര്‍

പ്രളയം കവര്‍ന്നെടുത്ത ജീവിതം തിരികെപ്പിടിക്കാന്‍ ഓണവിപണിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരുപിടി മനുഷ്യരുടെ സാന്നിധ്യമാണ് ഇത്തവണത്തെ കൊല്ലം കൈരളി കരകൗശല-വസ്ത്ര പ്രദര്‍ശന മേള. വയനാട്, പത്തനംതിട്ട, തൃശൂര്‍ മേഖലകളില്‍ നിന്നുള്ളവര്‍ ഒരു പ്രളയക്കെടുതിയില്‍ നിന്ന് കരകയറുന്നതിനിടെയാണ് മറ്റൊന്നു കൂടി പെയ്തിറങ്ങിയത്. മഴയൊഴിഞ്ഞുനിന്ന കൊല്ലം ജില്ലയിലെ വിപണിയിലേക്ക് പ്രതീക്ഷകളുമായാണ് അവരുടെ വരവ്.

ഈ ഓണമെങ്കിലും കര കയറാനുള്ള വഴിയാകുമെന്ന പ്രതീക്ഷയിലാണ് പ്രളയബാധിതരുടെ വരവ്. വായ്പയെടുത്ത തുക ഉപയോഗിച്ച് നിര്‍മിച്ചവയൊന്നും മഴകാരണം വിപണിയിലെത്തിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് തിരുവല്ലയില്‍ നിന്നുമുള്ള അഭിജിത് ഹാന്‍ഡ്‌ലൂം സംഘം വീട്ടില്‍ നെയ്തെടുത്ത കോട്ടണ്‍, ഖാദി വസ്ത്രങ്ങളുമായി ഇവിടെ എത്തിയത്.

കരവിരുതില്‍ തീര്‍ത്ത ആഭരണങ്ങളുമായി എത്തിയ ദേവിക പീതാംബരന് കഴിഞ്ഞ പ്രളയത്തില്‍ മൂന്നര ലക്ഷം രൂപയുടെ ഉരുപ്പിടികളാണ് നഷ്ടപ്പെട്ടത്.

വയനാട്ടിലെ ആദിവാസി മേഖലയില്‍ നിന്നുള്ള ആയുര്‍വേദ മരുന്നുകളും ഉത്പ്പന്നങ്ങളുമായി എത്തിയ ലിസി വര്‍ക്കിക്ക് ഉത്പന്നങ്ങളുടെ വിറ്റുവരവ് കൊണ്ട് സ്വന്തം ജീവിതം കരുപിടിപ്പിക്കുന്നതിനൊപ്പം പ്രളയദുരിത ബാധിതരുമായി പങ്കിടണമെന്നാണ് ആഗ്രഹം.

തിരുവല്ലയില്‍ നടന്ന സരസ് കരകൗശലമേളയെ പ്രളയജലം വിഴുങ്ങിയപ്പോള്‍ ഇവരുടെ ജീവിതമാണ് വെള്ളത്തിലായത്. പ്രളയബാധിതരെ സഹായങ്ങള്‍ കൊണ്ടു പൊതിഞ്ഞ കൊല്ലം തങ്ങളെ കൈവിടില്ലെന്ന പ്രതീക്ഷയിലാണിവര്‍. കൊല്ലം വൈ.എം.സി.എയിലാണ് കൈരളി കരകൗശലമേള നടക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here