മതിയായ കുട്ടികളില്ലാത്ത 650 സ്കൂളുകള്‍ ഏറ്റെടുക്കാൻ കെ.എസ്.ടി.എ തീരുമാനം. ക്ലാസുകളില്‍ 10 ല്‍ താഴെ മാത്രം കുട്ടികളുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളാണ് ഏറ്റെടുക്കുക. ഈ സ്കൂളുകളിൽ അക്കാദമികവും ഭൗതീകവുമായ സൗകര്യവികസനത്തിലൂടെ ഒന്നാംതരം വിദ്യാലയങ്ങളാക്കി മാറ്റാനുള്ള ബൃഹദ്പദ്ധതിയാണ് ആവിഷ്കരിക്കുന്നതും.

പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി സംസ്ഥാനത്ത് അഞ്ചരലക്ഷത്തോളം കുട്ടികളാണ് പൊതുവിദ്യാഭ്യാസ മേഖലയില്‍ പുതുതായി എത്തിയത്. എന്നാല്‍ മതിയായ കുട്ടികളില്ലാത്ത നിരവധി വിദ്യാലയങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുകയാണ്. ഇതിൽ മാറ്റം വരുത്താനുള്ള പ്രവർത്തങ്ങളാണ് സർക്കാർ തയ്യാറാക്കുന്നത്. സർക്കാരിന് സഹായവുമായാണ് മതിയായ കുട്ടികളില്ലാത്ത 650 പൊതുവിദ്യാലയങ്ങള്‍ ഏറ്റെടുക്കാൻ കെഎസ്ടിഎ തീരുമാനിച്ചത്. ക്ലാസുകളില്‍ 10 ല്‍ താഴെ മാത്രം കുട്ടികളുള്ള സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളാണ് മികവിന്‍റെ കേന്ദ്രങ്ങളാക്കാനായി കെഎസ്ടിഎ ഏറ്റെടുക്കുക.

ഉപജില്ലകളില്‍ നാല് വീതം സ്കൂളുകളിൽ അധ്യാപക സമൂഹത്തിന്‍റെ മേല്‍നോട്ടത്തില്‍ അക്കാദമികവും ഭൗതീകവുമായ സൗകര്യവികസനത്തിലൂടെ ഒന്നാംതരം വിദ്യാലയങ്ങളാക്കിമാറ്റാനുള്ള ബൃഹദ്പദ്ധതിയാണ് ഇതിനായി കെഎസ്ടിഎ ആവിഷ്കരിക്കുന്നത്. ഈ വിദ്യാലയങ്ങളിലെ പഠന നിലവാരവും അടിസ്ഥാന സൗകര്യവും പഠിച്ചശേഷം അവ പരിഹാരിക്കാനുള്ള ഉത്തരവാദിത്തം അധ്യാപകര്‍ തന്നെ ഏറ്റെടുത്ത് നടപ്പാക്കും.

കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമാണെങ്കില്‍ അവയും അടിസ്ഥാന സൗകര്യ വികസനം വേണമെങ്കില്‍ അവയും കെഎസ്ടിഎയുടെ നേതൃത്വത്തില്‍ നടപ്പാക്കും. ഈ അധ്യയന വര്‍ഷത്തില്‍ പ്രത്യേക ശ്രദ്ധനല്‍കി ഇത്തരം സ്കൂളുകള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അടുത്തവര്‍ഷം കൂടുതല്‍ വിദ്യാര്‍ഥികളെ ഈ വിദ്യാലയങ്ങളിലെത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും അധ്യാപകര്‍ നേതൃത്വം നല്‍കും.