ആരെയും കാണാൻ അനുവാദമില്ല, പുറംലോകവുമായി ബന്ധമില്ല; തരിഗാമിക്ക്‌ അടിയന്തര വൈദ്യസഹായം ആവശ്യമെന്ന്‌ സീതാറാം യെച്ചൂരി

ശ്രീനഗറിൽ വീട്ടുതടങ്കലിൽ കഴിയുന്ന സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യൂസഫ്‌ തരിഗാമിക്ക്‌ അടിയന്തര വൈദ്യസഹായം ആവശ്യമാണെന്ന്‌ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ആരെയും കാണാൻ അനുവദിക്കാതെ, പുറംലോകവുമായി ബന്ധമില്ലാതെയാണ്‌ അദ്ദേഹം കഴിയുന്നത്‌. രോഗബാധിതനായ തരിഗാമിക്ക്‌ ഡൽഹി എയിംസിലെ പരിശോധനകളും ചികിത്സയും മുടങ്ങി. ശ്രീനഗറിലെ വീട്ടിൽ ഒരു ഡോക്‌ടർ ആരോഗ്യസ്ഥിതി പരിശോധിച്ചു. ഈ വിവരങ്ങളെല്ലാം ഉൾപ്പെടുത്തി സുപ്രീംകോടതിയിൽ സത്യവാങ്‌മൂലം സമർപ്പിക്കുമെന്ന്‌ യെച്ചൂരി പറഞ്ഞു. സുപ്രീംകോടതി അനുമതിയോടെ കശ്‌മീരിലെത്തി തരിഗാമിയെ സന്ദർശിച്ച യെച്ചൂരി വെള്ളിയാഴ്‌ച ഡൽഹിയിൽ മടങ്ങിയെത്തി.

കേന്ദ്രസർക്കാരിന്റെ അവകാശവാദവും കശ്‌മീരിലെ യഥാർഥ സ്ഥിതിയും തമ്മിൽ വലിയ അന്തരമുണ്ടെന്ന്‌ യെച്ചൂരി പറഞ്ഞു. തന്നെ താമസിപ്പിച്ച ഗസ്‌റ്റ്‌ ഹൗസിൽനിന്ന്‌ പുറത്തുപോകാനോ മറ്റുള്ളവർക്ക്‌ തന്നെ കാണാനോ അനുവാദം നൽകിയില്ല. വീട്ടിൽ തടഞ്ഞുവച്ച തരിഗാമിയെ അവിടെയെത്തി കണ്ടു.

ശ്രീനഗർ വിമാനത്താവളത്തിൽനിന്ന്‌ നേരിട്ട്‌ സുരക്ഷാവാഹനങ്ങളുടെ അകമ്പടിയോടെയാണ്‌ തരിഗാമിയുടെ വീട്ടിലെത്തിച്ചത്‌. വ്യാഴാഴ്‌ച വൈകിട്ടുതന്നെ മടങ്ങണമെന്ന്‌ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. തരിഗാമിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച്‌ ഡോക്‌ടറുമായി സംസാരിച്ചശേഷമേ മടങ്ങുകയുള്ളൂ എന്ന്‌ അവരെ അറിയിച്ചു. രണ്ട്‌ തവണ തരിഗാമിയുമായി കൂടിക്കാഴ്‌ച നടത്തിയെന്ന്‌ യെച്ചൂരി മാധ്യമങ്ങളോട്‌ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News