പാലാ ഉപതെരഞ്ഞെടുപ്പ്: മാണി സി കാപ്പന്‍ നാമനിര്‍ദേശപത്രിക സമര്‍പിച്ചു

പാലായില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മാണി സി കാപ്പന്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു.

മണ്ഡലം ഉപവാരണാധികാരി ളാലം ബ്ലോക് ഓഫീസര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്. സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ക്കൊപ്പം എത്തിയാണ് പട്ടിക സമര്‍പ്പിച്ചത്.

രാവിലെ ഒമ്പതിന് പാലാ കുരിശുപള്ളി കവലയില്‍നിന്ന് പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായാണ് മാണി സി കാപ്പന്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. നഗരത്തിലെ വ്യാപാരികളേയും തൊഴിലാളികളേയും നേരില്‍ക്കണ്ട് പിന്തുണയും അഭ്യര്‍ത്ഥിച്ചു.

യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇപ്പോഴും അനിശ്ചിതത്വത്തില്‍ തുടരുമ്പോള്‍ മാണി സി കാപ്പന്‍ ഒന്നാംവട്ട പര്യടനം പൂര്‍ത്തിയാക്കുന്ന തിരക്കിലാണ്.

ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ പാരമ്പര്യമുള്ള തറവാട്ടില്‍ നിന്നുള്ള ഈ 63കാരന്‍ ഇത് നാലാം തവണയാണ് പാലാ പിടിക്കാന്‍ നിയോഗിക്കപ്പെടുന്നത്.

ഒന്നര പതിറ്റാണ്ട് മുമ്പ് കാല്‍ ലക്ഷത്തോളം വോട്ടിനു ജയിച്ച കെഎം മാണിയുടെ ഭൂരിപക്ഷം മൂന്നുതവണ കൊണ്ട് നാലിലൊന്നായി ചുരുക്കിയാണ് മാണി സി കാപ്പന്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി പാലായില്‍ വീണ്ടും പോരിനിറങ്ങുന്നത്.

2006 ലായിരുന്നു കാപ്പന്റെ ആദ്യമത്സരം. 2001ല്‍ ഉഴവൂര്‍ വിജയനെ 22301 വോട്ടിനു വീഴ്ത്തിയ വീറുമായിട്ടായിരുന്നു കെ എം മാണിയുടെ വരവ്. കാപ്പന്‍ നിയമസഭാ തെരെഞ്ഞെടുപ്പില്‍ പുതുമുഖവും. പ്രചാരണ രംഗത്ത് കനത്ത ഓളം സൃഷ്ടിച്ച കാപ്പന്‍ മാണിയുടെ ഭൂരിപക്ഷം 7751 ലേക്ക് താഴ്ത്തി.

2011ല്‍ മാണിയുടെ ഭൂരിപക്ഷം പിന്നെയും കുറച്ച് 5259 ലെത്തിച്ച കാപ്പന്‍ ഒടുവില്‍ 2016ലെ തെരഞ്ഞെടുപ്പില്‍ മാണിയെ വീഴ്ത്തുമെന്ന് ഉറപ്പിച്ച മട്ടിലാണ് മുന്നേറിയത്. നന്നായി വിയര്‍ത്ത കെ എം മാണി 4703 വോട്ടിനാണ് കരകയറിയത്.

മാണി സി കാപ്പന്‍ പാലായ്ക്ക് സുപരിചിതനാണ് എന്നതാണ് യുഡിഎഫിനെ ആശങ്കയിലാക്കുന്നത്. ഒരു രാഷ്ട്രീയപ്രവര്‍ത്തകന്റെ സാധാരണ തട്ടകങ്ങള്‍ക്കപ്പുറം സഞ്ചരിയ്ക്കുന്ന അദ്ദേഹത്തിന് മണ്ഡലത്തില്‍ ഉടനീളം ബന്ധങ്ങളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News