ഓണത്തിന് നാലു താരചിത്രങ്ങളാണ് പ്രധാനമായും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാനെത്തുന്നത്.

മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന, പൃഥ്വിരാജ് ചിത്രം ബ്രദേഴ്സ് ഡേ, നിവിന്‍പോളി -നയന്‍താര ടീമിന്റെ ലൗ ആക്ഷന്‍ ഡ്രാമ, രജീഷ വിജയന്റെ ഫൈനല്‍സ് എന്നിവ ഓണം റിലീസ് ഉറപ്പിച്ചു.

വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശന്റേയും ശോഭയുടേയും പുതിയകാല അവതാരമായി കരുതപ്പെടുന്ന ലൗ ആക്ഷന്‍ ഡ്രാമ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്തംബര്‍ ആദ്യവാരം റിലീസ് ചെയ്യും.

ബോക്സ് ഓഫീസ് കണക്കുകള്‍ തകര്‍ത്ത ലൂസിഫറിനുശേഷം വരുന്ന മോഹന്‍ലാല്‍ ചിത്രം ഇട്ടിമാണി സംവിധാനം ചെയ്യുന്നത് പുതുമുഖങ്ങളായ ജിബുവും ജോജുവുമാണ്.

മോഹന്‍ലാലിന്റെ ആശിര്‍വാദ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന്റെ പ്രധാനഭാഗങ്ങള്‍ ചൈനയിലും ചിത്രീകരിച്ചു. മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായില്ലെങ്കിലും സിനിമ സെപ്തംബര്‍ അഞ്ചിനോ ആറിനോ റിലീസ് ചെയ്യാനാണ് സാധ്യത.

ലൂസിഫറിന്റെ സംവിധായകന്‍ പൃഥ്വിരാജ് നായകവേഷത്തിലേക്ക് തിരിച്ചെത്തുന്ന ബ്രദേഴ്ഡേയും ഓണത്തിനു തൊട്ടുമുന്നോടിയായി റിലീസ് ചെയ്യും.

മിമിക്രിവേദികളിലൂടെ സിനിമയിലെത്തി സ്വഭാവവേഷങ്ങളിലൂടെ പ്രതിഭ തെളിയിച്ച കലാഭവന്‍ ഷാജോണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഐശ്വര്യ ലക്ഷ്മി, മഡോണ സെബാസ്റ്റ്യന്‍, മിയ ജോര്‍ജ്, പ്രയാഗ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. വില്ലനായി തമിഴില്‍നിന്നും യുവതാരം പ്രസന്ന എത്തുന്നു.

രജീഷ വിജയന്‍ പ്രധാനവേഷത്തില്‍ എത്തുന്ന സ്പോര്‍ട്സ് ചിത്രം ഫൈനല്‍സും ഓണം ലക്ഷ്യമാക്കി ഒരുങ്ങുന്നു.

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ധനുഷ്-ഗൗതം വാസുദേവ് മേനോന്‍ ചിത്രം എന്നെ നോക്കി പായും തോട്ട കേരളത്തില്‍ ഓണത്തിനെത്തും. ബാഹുബലിക്കുശേഷം പ്രഭാസ് നായകനാകുന്ന സഹോയും കേരള ബോക്സ് ഓഫീസില്‍ പ്രതീക്ഷ അര്‍പ്പിക്കുന്നു.