പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസ്: അറസ്റ്റിലായവരെ കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി

പാലാരിവട്ടം മേല്‍പ്പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും കസ്റ്റഡിയില്‍ വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും സത്യം പറയാന്‍ തയ്യാറാകുന്നില്ലെന്നും കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. നാല് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടുളള അപേക്ഷ തിങ്കളാഴ്ച പരിഗണിക്കും.

സെപ്റ്റംബര്‍ 2 മുതല്‍ അഞ്ച് വരെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ് അടക്കം നാല് പ്രതികളും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പല ചോദ്യങ്ങള്‍ക്കും സത്യസന്ധമായ മറുപടി നല്‍കാനും തയ്യാറാകുന്നില്ല. അതിനാല്‍ റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു.

കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ഉത്തരവായി ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു ടി ഒ സൂരജ് കഴിഞ്ഞ ദിവസം കോടതിയില്‍വെച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്. കരാറുകാരനായ ആര്‍ഡിഎസ് കമ്പനിക്ക് 8.25 കോടിയോളം രൂപ മാനദണ്ഡങ്ങള്‍ പാലിച്ചല്ല ടി ഒ സൂരജ് അനുവദിച്ചതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

അതുകൊണ്ട് തന്നെ സൂരജിനെ കൂടുതല്‍ ചോദ്യം ചെയ്താല്‍ ഉന്നതരായ പല വ്യക്തികളും പ്രതികളാകുമെന്നാണ് സൂചന. അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെയും വിജിലന്‍സ് നേരത്തേ ചോദ്യം ചെയ്തിരുന്നു.

ക്രമക്കേട് നടന്നിട്ടുണ്ടെങ്കില്‍ അത് ഉദ്യോഗസ്ഥരാണെന്ന നിലപാടിലാണ് വി കെ ഇബ്രാഹിം കുഞ്ഞ്. ടി ഒ സൂരജിനെയും മറ്റ് പ്രതികളെയും ചോദ്യം ചെയ്യുന്നതിലൂടെ ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്താന്‍ കഴിയുമെന്നാണ് വിജിലന്‍സിന്റെ കണക്കൂകൂട്ടല്‍.

വിജിലന്‍സ് പിടിച്ചെടുത്ത 147 ഫയലുകളുടെയും 29 സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തിലാണ് പ്രത്യേക ചോദ്യാവലികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ശേഷം കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. തിങ്കളാഴ്ചയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. പ്രതികള്‍ നല്‍കിയ ജാമ്യാപേക്ഷയും കോടതി അന്ന് പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News