മുപ്പത് വര്‍ഷമായി വെറും ഒരുരൂപയ്ക്ക് ഇഡ്ഢലി വില്‍ക്കുന്ന ഒരിടവും അവിടെ ഒരു മുത്തശ്ശിയുമുണ്ട്. എണ്‍പതുകാരിയായ ഈ മുത്തശ്ശിയുടെ പേര് കമലത്താള്‍ എന്നാണ്. ചെന്നൈയിലെ വടിവേലംപാളയത്ത് പോയവരാരും കമലത്താളിന്റെ ഇഡ്ഢലിയും സാമ്പാറും കഴിക്കാതെ മടങ്ങിയിട്ടുണ്ടാവില്ല.

കഴിഞ്ഞ മുപ്പത് വര്‍ഷമായി തന്നെ തേടിയെത്തുന്നവര്‍ക്കെല്ലാം തന്റെ കൈകൊണ്ടുണ്ടാക്കിയ ഇഡ്ഢലി നല്‍കുന്നത് വെറും ഒരുരൂപയ്ക്കാണ്. വിലകുറച്ച് നല്‍കുന്നതിനെകുറിച്ച് ചോദിക്കുമ്പോള്‍ ‘വിശക്കുന്നവര്‍ കഴിക്കട്ടേ’ എന്ന് കമലത്താള്‍ പറയും.

കമലത്താള്‍ മുത്തശ്ശിയുടെ ജീവിതം തുടങ്ങുന്നത് അതിരാവിലെ ശുദ്ധമായ പച്ചക്കറി ശേഖരിച്ചുകൊണ്ടാണ്. അരി അരച്ചെടുക്കുന്നത് അമ്മിയിലും ആട്ടുകല്ലിലുമായാണ്. നല്ല ചൂടന്‍ ഇഡ്ഢലിക്കൊപ്പം സ്വാദിഷ്ടമായ സാമ്പാറും കഴിക്കാന്‍ അതിരാവിലെ തന്നെ വന്‍തിരക്കാണ്. ദിവസവും ആയിരം ഇഡ്ഢലിവരെ ഉണ്ടാക്കുന്നുണ്ട് കമലത്താള്‍.

കമലത്താളിന്റെ വീട്ടില്‍ രാവിലെ തന്നെ ഇഡ്ഢലി കഴിക്കാന്‍ നിരവധിയാളുകളാണ് എത്തുന്നത്. ആവശ്യക്കാര്‍ ക്ഷമയോടെ വരിനില്‍ക്കും. ഭക്ഷണം മതിയാവോളം കഴിച്ച് വയറും മനസ്സും നിറച്ചാണ് ആളുകള്‍ മടങ്ങുക. ‘കര്‍ഷകകുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. എല്ലാവരും കൃഷിയിടത്തിലേക്ക് പോകുമ്പോള്‍ ഞാന്‍ ഒറ്റക്കായിരുന്നു. അങ്ങനെയാണ് ഞാന്‍ ഇഡ്ഢലി ഉണ്ടാക്കി വില്‍ക്കാന്‍ ആരംഭിച്ചത്’ – കമലത്താള്‍ പറഞ്ഞു.

വിലകൂട്ടി വില്‍ക്കാന്‍ എല്ലാവരും ആവശ്യപ്പെടുന്നുണ്ടെങ്കിലും മുത്തശ്ശി അതിന് തയ്യാറല്ല. പാവപ്പെട്ടവരാണ് തന്നെ തേടിയെത്തുന്നവരെല്ലാം. ദിവസേന 10, 15 രൂപ വച്ച് തരാന്‍ സാധിക്കാത്തവരാണ് അവര്‍ എന്നാണ് മുത്തശ്ശിയുടെ പക്ഷം. ഉച്ചവരെയാണ് ഇഡ്ഢലി വില്‍പ്പനയുള്ളത്. ആലിലയിലോ തേക്കിന്റെ ഇലയിലോ ആണ് ഭക്ഷണം നല്‍കുക.

വര്‍ഷങ്ങള്‍ക്ക് മുമ്പ് 50 പൈസയായിരുന്നു ഒരു ഇഡ്ഢലിയുടെ വില. എന്നാല്‍ ഇനി വിലകൂട്ടാന്‍ ഇവര്‍ക്ക് ഉദ്ദേശമില്ല. ആളുകളുടെ ആവശ്യപ്രകാരം ഇപ്പോള്‍ ഉഴുന്നുവടയും നല്‍കുന്നുണ്ട്. ഇതിന് 2.50 രൂപയാണ് വില. ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്നതില്‍ അതിയായ ആനന്ദം ലഭിക്കുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ തനിക്കാവില്ലെന്നും മുത്തശ്ശി പറഞ്ഞു.