ദുരിതാശ്വാസ നിധി സംഭാവനയില്‍ ചലഞ്ച് പ്രഖ്യാപിച്ച് കൊല്ലം ശാസ്താംകോട്ട ദേവസ്വം കോളേജ് പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം രംഗത്ത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 30000 രൂപയാണ് നല്‍കിയത്. തങ്ങളുടെ ചലഞ്ച് ഏറ്റെടുക്കാന്‍ കേരളത്തിലെ കോളേജുകളെ അവര്‍ ക്ഷണിക്കുന്നു.

എച്ച്.ഒ.ഡി ചുമതലക്കാരനായ ഡോ.എന്‍.സുമേഷിന്റെ നേതൃത്വത്തില്‍ പ്രളയ ദിവസങ്ങളുടെ തുടക്കത്തില്‍ തന്നെ സജീവമായ പ്രവര്‍ത്തനങ്ങളാണ് നടന്നു വന്നത്. വീട്ടില്‍ നിന്നും,വീടിനോട് ചേര്‍ന്ന സ്ഥലങ്ങളില്‍ നിന്നും സമാഹരിച്ച തുകകള്‍ ചേര്‍ന്നാണ് 30000 രൂപയായത്. ഇത് ഒരു ചലഞ്ചായി സംസ്ഥാനത്തെ മറ്റു കോളേജ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് വിദ്യാര്‍ത്ഥികളുടെ പക്ഷം.

കോളേജില്‍ വച്ചു നടന്ന ചടങ്ങില്‍ തുക പ്രിന്‍സിപ്പാള്‍ സി ഉണ്ണികൃഷ്ണനും, ചെയര്‍ പേഴ്‌സണ്‍ അഞ്ജിത മറിയം ജോസ്, ആര്യ എസ്.ആര്‍, തൃപതി എന്നിവര്‍ ചേര്‍ന്ന്, കെ.സോമപ്രസാദ് എം.പിക്ക് തുക കൈമാറി.

ഇത് കൂടാതെ 30000 രൂപയുടെ അവശ്യ സാധനങ്ങളും പ്രളയബാധിത മേഖലകളിലേക്ക് കൈമാറിയിരുന്നു. പ്രളയ ബാധിതരെ സഹായിക്കാനുള്ള കളക്ഷന്‍ ക്യാമ്പില്‍ അധ്യാപകനായ ശരത്തും, വിദ്യാര്‍ത്ഥികളായ നിതിന്‍, ശ്രീ ലക്ഷ്മി, ആര്യ എസ് ആര്‍, ആദിത്യന്‍ എന്നിവരും പങ്കെടുത്തിരുന്നു.