ഭാര്യ സുനന്ദ പുഷ്‌കർ മരിച്ച കേസിൽ ശശി തരൂരിന്റെ മേൽ കൊലപാതകക്കുറ്റമോ ആത്മഹത്യാ പ്രേരണക്കുറ്റമോ ചുമത്തണമെന്ന്‌ ഡൽഹി പൊലീസ്‌. മരണത്തിനു മുമ്പ്‌ സുനന്ദ പുഷ്‌കർ വാർത്താസമ്മേളനം നടത്താൻ ആലോചിച്ചിരുന്നതായും പൊലീസ്‌ ശനിയാഴ്‌ച പ്രത്യേക കോടതിയെ അറിയിച്ചു.

സുനന്ദയും ഭർത്താവ്‌ തരൂരും തമ്മിൽ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. ദുബായിൽ പോയപ്പോഴും കലഹിക്കാറുണ്ടായിരുന്നുവെന്ന്‌ വീട്ടുജോലിക്കാരന്റെ മൊഴിയിലുണ്ട്‌. ഒരിക്കൽ നിയന്ത്രണം വിട്ട സുനന്ദ തരൂരിനെ അടിച്ചു.

പാക്‌ മാധ്യമപ്രവർത്തകയായ മെഹർതരാറിനു പുറമെ ‘കാറ്റി’ എന്ന വിളിപ്പേരിൽ അറിയപ്പെട്ടിരുന്ന സ്‌ത്രീയുടെ പേരിലും ഇരുവരും വഴക്കിടാറുണ്ടായിരുന്നുവെന്നും പബ്ലിക്‌ പ്രോസിക്യൂട്ടർ വാദിച്ചു. ഐപിഎൽ ഇടപാട്‌ സംബന്ധിച്ച്‌ വാർത്താസമ്മേളനം നടത്താൻ സുനന്ദ ആലോചിച്ചിരുന്നതായും ജോലിക്കാരന്റെ മൊഴിയുണ്ട്‌. സുനന്ദ കടുത്ത മാനസികപ്രയാസം അനുഭവിച്ചിരുന്നതായി അവരുടെ സുഹൃത്തുക്കളുടെയും മാധ്യമപ്രവർത്തക നളിനി സിങ്ങിന്റെയും മൊഴികളിൽനിന്ന്‌ വ്യക്തമാണ്‌.

സുനന്ദയുടെ ശരീരത്തിൽ ആൽപ്രസോളം എന്ന മരുന്ന്‌ കുത്തിവച്ചിരിക്കാൻ സാധ്യതയുണ്ടെന്നാണ്‌ മെഡിക്കൽ സംഘത്തിന്റെ അഭിപ്രായം– പബ്ലിക്‌ പ്രോസിക്യൂട്ടർ അറിയിച്ചു. പൊലീസിന്റെ വാദങ്ങൾ അടിസ്ഥാനരഹിതമാണെന്ന്‌ തരൂരിന്റെ അഭിഭാഷകൻ വികാസ്‌ പഹ്‌വ അവകാശപ്പട്ടു. കേസിൽ ഒക്ടോബറിൽ വാദംകേൾക്കൽ തുടരും. ഡൽഹിയിലെ പഞ്ചനക്ഷത്ര ഹോട്ടൽ മുറിയിൽ 2014 ജനുവരി 17ന്‌ രാത്രിയാണ്‌ തരൂരിന്റെ ഭാര്യ സുനന്ദയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്‌.