പാലാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി വിഭാഗത്തിന്‍റെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്

ജോസഫിന്റെ എതിർപ്പുകൾ മുഖവിലയ്ക്കെടുക്കാതെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി പ്രഖ്യാപനം ഇന്ന്. സ്ഥാനാർത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാൻ സമ്മർദ്ദ തന്ത്രവുമായി യു ഡി എഫ്‌ സംസ്ഥാന നേതാക്കൾ ഇന്ന് കോട്ടയത്ത്. സ്ഥാനാർത്ഥി പ്രഖ്യാപനം വൈകീട്ടോടെയെന്നും ജോസ് കെ മാണി.

കേരളാ കോൺഗ്രസിന്റെ ഈറ്റില്ലമായ കോട്ടയത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തിന് അവകാശവാദമുന്നയിച്ച ജോസഫിന് ലഭിച്ച തിരിച്ചടിയുടെ ചൂടാറും മുമ്പെയാണ് ജോസ് കെ മാണി മറ്റൊരു ആഘാതം കൂടി നൽകിയത്. പാലായിലെ സ്ഥാനാർത്ഥിയെ നിർണയിക്കാൻ ജോസഫിന് അവകാശമില്ലെന്ന് മാണിയുടെ മകൻ തെളിയിച്ചു. ജോസഫിന്റെ എതിർപ്പുകൾ മുഖവിലയ്ക്കെടുക്കാതെ നിഷയെ സ്ഥാനാർത്ഥിയാക്കാൻ ധാരണയായി. ഇന്ന് വൈകിട്ട് യുഡിഎഫിന് പേര് കൈമാറുന്നതോടെ പ്രഖ്യാപനമുണ്ടാകുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.

നിഷ സ്ഥാനാർത്ഥിയാൽ ചിഹ്നം അനുവദിക്കില്ലെന്ന കടുത്തനിലപാടെടുത്ത പിജെ ജോസഫിനെ അനുനയിപ്പിക്കാൻ യുഡിഎഫ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, പി കെ കുഞ്ഞാലിക്കുട്ടി എന്നിവരും ഇന്ന് കോട്ടയത്തെത്തും. കെ എം മാണിയുടെ മണ്ഡലമെന്ന നിലയിൽ പാലായിൽ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥി രണ്ടില ചിഹ്നത്തിൽ മത്സരിക്കണമെന്നാണ് യുഡിഎഫ് ആഗ്രഹിക്കുന്നത്. ഈ സാഹചര്യത്തിൽ മണ്ഡലത്തിൽ യാതൊരു സ്വാധീനവുമില്ലാത്ത ജോസഫിന് നിരുപാധികം ജോസ് കെ മാണിക്ക് മുന്നിൽ വീണ്ടും കീഴടങ്ങേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here