സ്ഥാനാര്‍ത്ഥി നിഷയെങ്കില്‍ പാര്‍ട്ടി ചിഹ്നം നല്‍കില്ല; പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കില്ല; നിലപാട് കടുപ്പിച്ച് ജോസഫ് വിഭാഗം

പാലായിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നിലപാട് കടുപ്പിച്ച് പിജെ ജോസഫ്. നിഷാ ജോസ് കെ മാണിയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പാര്‍ട്ടി ചിഹ്നം നല്‍കില്ലെന്ന് ജോസഫ്. പ്രചാരണപ്രവര്‍ത്തനങ്ങളില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഇന്ന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുമെന്നാണ് ജോസ് കെ മാണി കഴിഞ്ഞ ദിവസം പ്രതകരിച്ചത്. ഉയര്‍ന്നുവരുന്നത് നിഷാ ജോസ് കെ മാണിയുടെ പേര് മാത്രം. എന്നാല്‍ നിഷയെ അംഗീകരിക്കാനാകില്ലെന്ന് നേരത്തെ വ്യക്തമാക്കിയ ജോസഫ്, പൊതുസമ്മതനെ മല്‍സരിപ്പിക്കണമെന്നാവര്‍ത്തിക്കുകയാണ്. നിഷയാണ് സ്ഥാനാര്‍ത്ഥിയെങ്കില്‍ പാര്‍ട്ടി ചിഹ്നമായ രണ്ടില നല്‍കില്ലെന്ന് ജോസഫ് വ്യക്തമാക്കി. നിഷ മല്‍സരിച്ചാല്‍ പ്രചാരണത്തില്‍ സഹകരിക്കേണ്ടതില്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. നിഷ പാര്‍ട്ടി അംഗമല്ലെന്നതും അണികളില്‍ അരിശം വര്‍ധിപ്പിക്കുന്നു. ജോസ് കെ മാണിയ ചെയര്‍മാനാക്കിയ നടപടിയില്‍ കോടതി സ്്റ്റേ തുടരുന്നതിനാല്‍ ചെയര്‍മാന്റെ അധികാരമുള്ള വര്‍ക്കിങ് ചെയര്‍മാനായ ജോസഫിന്റെ നീക്കം നിര്‍ണ്ണായകമാണ്.

ജോസഫിനെ മയപ്പെടുത്താന്‍ കോണ്‍ഗ്രസ് , മുസ്ലിം ലീഗ് നേതാക്കള്‍ നിരന്തരം ശ്രമിക്കുന്നുണ്ടെങ്കിലും ഫലം കാണുന്നില്ല. ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാതെ അവഹേളിച്ചത്, പാര്‍ട്ടി ചെയര്‍മാനാക്കാതിരുന്നത്, കോട്ടയം ജില്ലാപഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ജോസ് പക്ഷത്തിന് യുഡിഎഫ് പിന്തുണ പ്രഖ്യാപിച്ചത് എന്നിങ്ങനെ ജോസഫിനെ യുഡിഎഫും ജോസ് കെ മാണിയും ഒതുക്കിക്കൊണ്ടിരിക്കുകയാണ്. ഇത് നന്നായി അറിയാവുന്ന ജോസഫ് അന്തിമ ഘട്ടത്തില്‍ ഇതേ നിലപാട് തുടരുമോയെന്ന് കണ്ടറിയണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here