പൊതുമേഖലാ ബാങ്കുകളുടെ ലയനം; കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐഎം പൊളിറ്റ്‌ബ്യൂറോ

പൊതുമേഖലാ ബാങ്കുകളെ ലയിപ്പിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനംവഴി കോടിക്കണക്കിന്‌ പൗരന്മാർ ബാങ്കിങ് സേവനങ്ങളുടെ പരിധിയിൽനിന്ന്‌ പുറത്താകുമെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. എല്ലാവർക്കും ബാങ്കുകളുടെ സേവനം ഉറപ്പാക്കുമെന്ന്‌ പ്രചരിപ്പിക്കുന്ന സർക്കാർ തന്നെയാണ്‌ അതിനു വിപരീതമായി പ്രവർത്തിക്കുന്നത്‌.

ജനങ്ങൾക്ക്‌ ബാങ്കിങ്‌ സേവനം ലഭ്യമാക്കുന്നതിൽ പിന്നിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ്‌ ഇന്ത്യ. കേന്ദ്രസർക്കാരിന്റെ പുതിയനീക്കം ഗ്രാമീണമേഖലയിലെ ജനങ്ങളെ ചിട്ടി കമ്പനിക്കാരുടെയും സ്വകാര്യ പണമിടപാടുകാരുടെയും കഴുത്തറുപ്പൻ ചൂഷണത്തിന്‌ എറിഞ്ഞുകൊടുക്കും. പൊതുമേഖലാ ബാങ്കുകൾ ദുർബലമാകുന്നത്‌ സ്വകാര്യവൽക്കരണത്തിനു വഴിയൊരുക്കും. ശാഖകൾ അടച്ചുപൂട്ടും. കരുത്തേറിയ വലിയ ബാങ്കുകൾ സൃഷ്ടിക്കാനാണ്‌ ലയനമെന്ന്‌ സർക്കാർ അവകാശപ്പെടുന്നു. എന്നാൽ, ബാങ്കുകളിലെ ഓഹരികൾ വിറ്റഴിച്ച്‌ സർക്കാരിന്റെ വിഹിതം 50 ശതമാനത്തിൽ താഴെയാക്കുകയാണ്‌. വൻകിട ബാങ്കുകൾ രൂപീകരിച്ചശേഷം സ്വകാര്യവൽക്കരണം നടപ്പാക്കാനാണ്‌ പദ്ധതി.

പൊതുമേഖലാ ബാങ്കുകൾ നേരിടുന്ന പ്രശ്‌നങ്ങളുടെ കാരണവും സർക്കാർ മറച്ചുപിടിക്കുന്നു. കോർപറേറ്റുകളുടെ വായ്‌പാതിരിച്ചടവ്‌ കുടിശ്ശിക കാരണം ബാങ്കുകളുടെ കിട്ടാക്കടം ഭീമമായി. 2014നുശേഷം കിട്ടാക്കടം നാലിരട്ടിയായി. 5.5 ലക്ഷം കോടിരൂപയുടെ കിട്ടാക്കടം എഴുതിത്തള്ളി. പാപ്പർനിയമം നടപ്പാക്കിയശേഷം കിട്ടാക്കടത്തിൽ ഗണ്യമായ ഭാഗം ഉപേക്ഷിക്കേണ്ടിവരുന്നു. ബാങ്കുകളുടെ ലയനംവഴി ഇതൊന്നും പരിഹരിക്കാനാകില്ല.

ബാങ്ക്‌ ദേശസാൽക്കരണത്തിന്റെ 50–-ാം വാർഷികമാണിത്‌. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുന്നതിനുപകരം തകർക്കാനാണ്‌ മോഡിസർക്കാർ തയ്യാറാകുന്നത്‌. ജീവനക്കാരും ട്രേഡ്‌ യൂണിയനുകളും ജനാധിപത്യ വിശ്വാസികളും ഒത്തുചേർന്ന്‌ ഈ നീക്കത്തെ ചെറുക്കണമെന്ന്‌ പിബി ആഹ്വാനം ചെയ്‌തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News