മുന്‍ കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണര്‍; പിന്നില്‍ ബിജെപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തം

മുന്‍ കേന്ദ്ര മന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ അടുത്ത കേരള ഗവര്‍ണറാകും. കേരളമുള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങള്‍ക്കാണ് പുതിയ ഗവര്‍ണമാരെ നിയമിച്ചിട്ടുള്ളത്. ഇതുസംബന്ധിച്ച് വിജ്ഞാപനം രാഷ്ട്രപതി ഭവന്‍ ഉത്തരവിറക്കി.

നിലവിലെ ഗവര്‍ണര്‍ ജ. പി സദാശിവത്തിന്റെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് ഉത്തര്‍ പ്രദേശ് സ്വദേശിയായ ആരിഫ് ഖാന്റെ നിയമനം. കോണ്‍ഗ്രസില്‍ രാഷ്ട്രീയ ജീവിതം തുടങ്ങി ജനതാ ദളിന്റെ ഭാഗമായ ആരിഫ് മുഹമ്മദ് ഖാന്‍ 2004ലാണ് ബിജെപിയുടെ ഭാഗമായത്.

മുത്തലാഖ്, ഷാബാനുകേസ് വിഷയങ്ങളില്‍ രാജീവ് ഗാന്ധിയോടു കലഹിച്ചാണ് 1986-ല്‍ ആരിഫ് കോണ്‍ഗ്രസ് വിടുന്നത്. പിന്നീട് ജനതാദള്‍, ബി.എസ്.പി. പാര്‍ട്ടികളിലും പ്രവര്‍ത്തിച്ചു. ബിജെപിയുടെ ഭാഗമായ ആരിഫ് മുഹമ്മദ് ഖാന്‍ 2004-ല്‍ കൈസര്‍ഗഞ്ച് മണ്ഡലത്തില്‍നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയായി ലോക്സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. പിന്നീട്, 15 വര്‍ഷമായി സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു അദ്ദേഹം.

മുത്തലാഖിനെതിരേയുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ കഴിഞ്ഞമാസം നടന്ന പാര്‍ലമെന്റ് സമ്മേളനകാലത്ത് ബി.ജെ.പിയുടെ സമീപനത്തെ ന്യായീകരിക്കാനായി നരേന്ദ്രമോദിയും അമിത് ഷായും ഉപയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ഗവര്‍ണര്‍ ആയുള്ള നിയമനം. നിയമനത്തില്‍ സന്തോഷം ഉണ്ടെന്നും, ജനങ്ങളെ സേവിക്കാന്‍ കിട്ടിയ അവസരം ആണെന്നും അദ്ദേഹം പ്രതികരിച്ചു.

അതേസമയം, ബിജെപി നിലപാടുകളെ പിന്തുണക്കുന്ന ആരിഫ് ഖാനെ കേരള ഗവര്‍ണര്‍ ആയി നിയമിച്ചതിന് പിന്നില്‍ ബിപിയുടെ രാഷ്ട്രീയ അജണ്ടയാണെന്ന വിമര്‍ശനം ശക്തമായി

രാജസ്ഥാന്‍ ഗവര്‍ണറായി നിലവില്‍ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായ കല്‍രാജ് മിശ്രയെ നിയമിച്ചു. ഭഗത് സിങ് കൊഷ്യാരി മഹാരാഷ്ട്രയിലും, ഭണ്ഢാരു ദത്താത്രേയ ഹിമാചല്‍ പ്രദേശിലും തമിഴ്‌നാട് ബിജെപി പ്രസിഡന്റ് തമിഴിസൈ സൗന്ദരരാജനെ തെലങ്കാന ഗവര്‍ണറായും നിയോഗിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here