നിഷയെ വെട്ടി പാലായില്‍ ജോസ് ടോം യുഡിഎഫ് സ്ഥാനാര്‍ത്ഥി; തീരുമാനം അംഗീകരിച്ച് പിജെ ജോസഫും

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അംഗീകരിച്ച് പി.ജെ ജോസഫ്.

യുഡിഎഫ് നിര്‍ദേശം അംഗീകരിക്കുന്നുവെന്ന് ജോസഫ് മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാല്‍, രണ്ടില ചിഹ്നം നിയമപരമായ കാര്യങ്ങള്‍ പരിശോധിച്ച ശേഷം തീരുമാനിക്കുമെന്നും ജോസഫ് പറഞ്ഞു.

നേരത്തെ, ജോസ് ടോമിനെ മത്സരിപ്പിക്കാനുള്ള നീക്കം അംഗീകരിക്കില്ലെന്നായിരുന്നു ജോസഫിന്റെ നിലപാട്. ജോസ് ടോമിനെ സ്ഥാനാര്‍ഥിയാക്കാന്‍ ഉപസമിതി കണ്‍വീനര്‍ തോമസ് ചാഴികാടന്‍ നിര്‍ദേശിച്ചതിനു പിന്നാലെയായിരുന്നു ജോസഫിന്റെ ഈ പ്രതികരണം. എന്നാല്‍, യുഡിഎഫ് നേതാക്കളുമായി വീണ്ടും നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം ജോസഫ്, ജോസ് ടോമിന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുകയായിരുന്നു.

ഇന്ന് വൈകിട്ട് വരെ നിഷ ജോസ് കെ മാണിയുടെ പേര് മാത്രമാണ് പാര്‍ട്ടി കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുകേട്ടിരുന്നത്. എന്നാല്‍ നിലപാട് പരസ്യമാക്കി ജോസഫ് രംഗത്തെത്തിയതോടെ നിഷയുടെ പേരു മാറ്റി മറ്റൊരു പേര് യുഡിഎഫിലേക്ക് നല്‍കുകയായിരുന്നു. ജോസഫ് വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് മറ്റൊരാളെ കണ്ടെത്താന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചത്.

അടുത്തിടെ ജോസ് ടോമിനെ ജോസഫ് പുറത്താക്കിയിരുന്നു. സസ്പെന്റ് ചെയ്യപ്പെട്ട 21 അംഗങ്ങളില്‍ ഒരാളാണ് ജോസ് ടോം. ജോസഫ് സസ്‌പെന്റ് ചെയ്ത നേതാവിനെത്തന്നെ സ്ഥാനാര്‍ത്ഥിയായി നിര്‍ദ്ദേശിച്ച് ജോസ് കെ മാണി പാര്‍ട്ടിയിലെ തന്റെ അധീശത്വം ഉറപ്പിച്ചു.

ജോസ് കെ മാണി വിഭാഗത്തിന് ആരുടെയും മുമ്പില്‍ തലകുനിക്കേണ്ട കാര്യമില്ലെന്നാണ് സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്ന സേഷം ജോസ് ടോം പുലിക്കുന്നേല്‍ പ്രതികരിച്ചത്. കെ എം മാണിയുടെ വിശ്വസ്തനായിരുന്ന ജോസ് ടോം ജോസഫിനെ പൂര്‍ണമായും പിന്തള്ളി കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു.

ഇടമറ്റം പുലിക്കുന്നേല്‍ കുടുംബാംഗമായ ജോസ് ടോം, കേരള കോണ്‍ഗ്രസ് എം സംസ്ഥാന സെക്രട്ടറിയാണ്. 26 വര്‍ഷമായി മീനച്ചില്‍ സഹകരണ ബാങ്ക് പ്രസിഡന്റാണ്. ജില്ല കൗണ്‍സില്‍ മെംബര്‍, മീനച്ചില്‍ റബര്‍ മാര്‍ക്കറ്റിങ് സൊസൈറ്റി മെംബര്‍, യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറി, തിരുവനന്തപുരം ലോ കോളജ് സെനറ്റ് മെംബര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News