മലയോര മേഖലകളായ കൂരാച്ചുണ്ട്, മങ്കയം, തലയാട് ഭാഗങ്ങളിലേക്ക് കൂടുതല്‍ കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തുന്ന കാര്യം പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍ പറഞ്ഞു. സര്‍വീസുകള്‍ ആരംഭിക്കുന്നതോടെ മലയോരമേഖല നിവാസികളുടെ യാത്രാ പ്രശ്‌നത്തിന് പരിഹാരമാകും.

ബാലുശ്ശേരി-കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ചെയിന്‍ സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്കുള്ള സര്‍ക്കാറിന്റെ ഓണസമ്മാനമാണ് പുതിയ സര്‍വീസുകളെന്നും മന്ത്രി പറഞ്ഞു. ബാലുശ്ശേരി ടൗണില്‍ നടന്ന ചടങ്ങില്‍ പുരുഷന്‍ കടലുണ്ടി എം.എല്‍.എ അധ്യക്ഷത വഹിച്ചു.

ഓരോ 20 മിനിറ്റിലും കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്കും തിരിച്ചും ബസ്സുകള്‍ സര്‍വീസ് നടത്തും. രാവിലെ 6.40 മുതല്‍ ബാലുശ്ശേരിയില്‍ നിന്ന് ആരംഭിക്കുന്ന സര്‍വീസ് രാത്രി 8.30 ന് അവസാനിക്കും. താമരശ്ശേരി, കോഴിക്കോട് ഡിപ്പോകളില്‍ നിന്നായി മൂന്നു ബസുകള്‍ വീതമാണ് സര്‍വീസ് നടത്തുക.