ജോസ് ടോമിനും ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്; ജോസഫിന്റെ ഔദാര്യം വേണ്ടെന്ന് ജോസ് ടോമും

യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനും ചിഹ്നം നല്‍കില്ലെന്ന് പിജെ ജോസഫ്. ജോസഫിന്റെ ഔദാര്യം വേണ്ടെന്ന് തുറന്നടിച്ച് ജോസ് ടോം. സ്വന്തം സ്ഥാനാര്‍ത്ഥിയെന്ന് ജോസ് കെ മാണി അവകാശപ്പെടുമ്പോഴും പാലായില്‍ രാഷ്ട്രീയ വിജയം നേടിയത് പി ജെ ജോസഫ്.

ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വത്തിനുമൊടുവില്‍ അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ജോസ് ടോം പുലിക്കുന്നേലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായ അഡ്വ.ജോസ് ടോമിനെ അടുത്തിടെ പിജെ ജോസഫ് പുറത്താക്കിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് രണ്ടില ചിഹ്നം നല്‍കാന്‍ കഴിയില്ലെന്നും നിലപാട് പിജെ ജോസഫ് യു ഡി എഫ് യോഗത്തില്‍ ആവര്‍ത്തിച്ചു. ജോസഫിന്റെ ഔദാര്യം വേണ്ടെന്ന് വ്യക്തമാക്കിയതോടെ ചിഹ്നം സംബന്ധിച്ച് ഇനി പ്രസക്തിയില്ലെന്നാണ് പി ജെ ജോസഫിന്റെ നിലപാട്.

ജോസ് കെ മാണിയുടെ ഭാര്യ നിഷയുടെ പേര് സ്ഥാനാര്‍ത്ഥിത്വത്തിനായി ഉയര്‍ന്നപ്പോള്‍ ഉടക്കിട്ട പിജെ ജോസഫ് നിലപാട് കടുപ്പിച്ചതോടെയാണ് ചര്‍ച്ചകള്‍ വഴി മാറി മാണി കുടുംബത്തിന് പുറത്തേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തിയത്. പാലായില്‍ മത്സരിക്കുന്നത് സ്വന്തം സ്ഥാനാര്‍ത്ഥിയാണെന്ന് ജോസ് കെ മാണിക്ക് തത്കാലം ആശ്വസിക്കാം. പക്ഷെ നിഷയെ സ്ഥാനാര്‍ത്ഥിയാക്കാതെയും പ്രഖ്യാപിച്ച സ്ഥാനാര്‍ത്ഥിക്ക് രണ്ടില നല്‍കാനാവില്ലെന്ന നിലപാട് സ്വീകരിച്ച പി ജെ ജോസഫാണ് യഥാര്‍ത്ഥ രാഷ്ടീയ വിജയം നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News