പാലാരിവട്ടം മേല്‍പ്പാലം അ‍ഴിമതിക്കേസില്‍ അറസ്റ്റിലായ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി ഒ സൂരജ് അടക്കം നാല് പേരെയും ജാമ്യാപേക്ഷയും വിജിലന്‍സ് നല്‍കിയ കസ്റ്റഡി അപേക്ഷയും ഇന്ന് പരിഗണിക്കും. മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതിയാണ് പരിഗണിക്കുക. പ്രതികള്‍ അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അസത്യം പറയുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് പ്രതികളെ നാല് ദിവസത്തെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

സെപ്റ്റംബര്‍ 2 മുതല്‍ അഞ്ച് വരെ നാല് ദിവസം കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് ഡിവൈഎസ്പി അശോക് കുമാര്‍ മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയത്. കേസില്‍ അറസ്റ്റിലായ ടി ഒ സൂരജ് അടക്കം നാല് പ്രതികളും അന്വേഷണത്തോട് സഹകരിക്കുന്നില്ല. പല ചോദ്യങ്ങള്‍ക്കും സത്യസന്ധമായ മറുപടി നല്‍കാനും തയ്യാറാകുന്നില്ല. അതിനാല്‍ പ്രതികളെ കസ്റ്റഡിയില്‍ പ്രത്യേകം ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അപേക്ഷയില്‍ പറയുന്നു. കസ്റ്റഡി അപേക്ഷ പരിഗണിക്കുന്ന മൂവാറ്റുപു‍ഴ വിജിലന്‍സ് കോടതി പ്രതികളുടെ ജാമ്യാപേക്ഷയും ഇന്ന് പരിഗണിക്കും.

അതേസമയം പ്രതികളെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ ചോദ്യം ചെയ്യാനായി വിജിലന്‍സ് പ്രത്യേക ചോദ്യാവലിയും തയ്യാറാക്കിയിട്ടുണ്ട്. വിവിധ ഓഫീസുകളില്‍ നിന്നായി പിടിച്ചെടുത്ത 147 ഫയലുകളുടെയും 29 സാക്ഷിമൊ‍ഴികളുടെയും അടിസ്ഥാനത്തിലാണ് ചോദ്യാവലികള്‍ തയ്യാറാക്കിയിരിക്കുന്നത്. ഇതിന് ശേഷം കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നാണ് സൂചന. ക‍ഴിഞ്ഞ യുഡിഎഫ് മന്ത്രിസഭ കൈക്കൊണ്ട തീരുമാനം ഉത്തരവായി ഇറക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന ടി ഒ സൂരജിന്‍റെ പ്രതികരണവും വിജിലന്‍സ് ഗൗരവത്തോടെയാണ് കാണുന്നത്. അന്വേഷണം ഉന്നതരിലേക്കും പോകുമെന്ന സൂചനയും വിജിലന്‍സ് നല്‍കുന്നു.

അന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിം കുഞ്ഞിനെയും നേരത്തേ ചോദ്യം ചെയ്തിരുന്നു. ടി ഒ സൂരജിനെ തെളിവുകള്‍ നിരത്തി വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ അ‍ഴിമതിയില്‍ പങ്കുളള പല ഉന്നതരും കുടുങ്ങുമെന്നാണ് സൂചന.