അസം പൗരത്വ പട്ടിക; പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും; വെട്ടിലായി ബിജെപി

അസം പൗരത്വ പട്ടിക സംബന്ധിച്ച്‌ ബിജെപിയിലും പ്രതിഷേധം. പട്ടികയിൽ ബംഗാളിൽനിന്നുള്ള ഹിന്ദുക്കളും ഉൾപ്പെട്ടതോടെയാണ്‌ ബിജെപി വെട്ടിലായത്‌. തർക്കം മുറുകിയതോടെ ബംഗ്ലാദേശ്‌ കുടിയേറ്റം സംബന്ധിച്ച്‌ കാലങ്ങളായി ബിജെപി നടത്തിവന്ന പ്രചാരണം പൊളിഞ്ഞു. ബംഗ്ലാദേശ്‌ മുസ്ലിങ്ങൾ അനധികൃതമായി ഇന്ത്യയിലേക്ക്‌ കുടിയേറുകയാണെന്നും ഇവർ രാജ്യ സുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്നുമായിരുന്നു കാലങ്ങളായുള്ള ബിജെപിയുടെ പ്രചാരണം.

പട്ടികയിൽനിന്ന്‌ ഒഴിവാക്കപ്പെട്ട 19 ലക്ഷംപേരിൽ വൻതോതിൽ ഹിന്ദുക്കളും ഉൾപ്പെട്ടതോടെയാണ്‌ പ്രതിഷേധവുമായി ബിജെപി നേതാക്കൾ രംഗത്തുവന്നത്‌. രണ്ട്‌ പതിറ്റാണ്ടിലേറെയായി സുപ്രധാന വിഷയമായി ഉയർത്തിയ എൻആർസി പ്രതീക്ഷയ്‌ക്ക്‌ വിപരീതമായതോടെ ബിജെപി പ്രതിരോധത്തിലായി. ഒരു ഹിന്ദുവിനെയും വിദേശിയാക്കാനാകില്ലെന്നും പട്ടികയിൽ ബംഗാളി മുസ്ലിങ്ങൾ വ്യാപകമായി കടന്നുകൂടിയെന്നുമാണ്‌ അസമിലെ ബിജെപി നേതാക്കളുടെ നിലപാട്‌.

രാമക്ഷേത്രനിർമാണം, കശ്‌മീരിന്റെ പ്രത്യേക പദവി, ഏക സിവിൽ കോഡ്‌ എന്നിവയ്‌ക്കൊപ്പം ബിജെപി ഉന്നയിച്ച മുദ്രാവാക്യമാണ്‌ ബംഗ്ലാദേശി കുടിയേറ്റക്കാരെ പുറത്താക്കുമെന്നത്‌. തെരഞ്ഞെടുപ്പ്‌ ലക്ഷ്യംവച്ചുള്ള നീക്കം പാളിയെന്ന തിരിച്ചറിവാണ്‌ ബിജെപിയെ പ്രതിരോധത്തിലാക്കിയത്‌. കുടിയേറ്റ വിഷയത്തിൽ 17 പ്രമേയങ്ങളാണ്‌ ബിജെപി ദേശീയ എക്‌സിക്യൂട്ടീവ്‌ പാസാക്കിയത്‌. രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാകുന്ന നിലയിലാണ്‌ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം എന്നായിരുന്നു ആഭ്യന്തരമന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത്‌ ഷാ പറഞ്ഞത്‌. മുതിർന്ന നേതാവ്‌ എൽ കെ അദ്വാനി മുതൽ അമിത്‌ ഷാ വരെ ഇവരെ നാടുകടത്തണമെന്ന്‌ പ്രഖ്യാപിച്ചു.

രണ്ടുകോടിയിലേറെ മുസ്ലിങ്ങൾ അനധികൃതമായി കുടിയേറിയെന്നും ഇത്‌ ജനാധിപത്യ പ്രക്രിയയെത്തന്നെ അട്ടിമറിക്കുകയാണെന്നും ബിജെപി ആരോപിച്ചിരുന്നു. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കിയ എൻആർസി 19 ലക്ഷംപേരെയാണ്‌ ഒഴിവാക്കിയത്‌. ഇതിൽ 3.80 ലക്ഷം മരിച്ചുപോയവരാണെന്ന്‌ ബിജെപി നേതാവും അസം മന്ത്രിയുമായ ഹിമന്ദബിശ്വ ശർമ പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമായ അതിർത്തിജില്ലകളിൽ പുനഃപരിശോധന വേണമെന്ന ആവശ്യം കേന്ദ്ര–-സംസ്ഥാന സർക്കാരുകൾ മുന്നോട്ടുവച്ചെങ്കിലും സുപ്രീംകോടതി തള്ളി.

ഹിന്ദുക്കളെ ഒഴിവാക്കുകയും അനധികൃതവിദേശികളെ ഉൾപ്പെടുത്തുകയും ചെയ്‌തത്‌ അംഗീകരിക്കാനാകില്ലെന്നും രാജ്യവ്യാപകമായി എൻആർസി നടപ്പാക്കണമെന്നും അസം ബിജെപി പ്രസിഡന്റ്‌ രൻജീത്‌ കുമാർ ദാസ്‌ ആവശ്യപ്പെട്ടു. യുപി, ഹരിയാന, പശ്ചിമ ബംഗാൾ, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവർ പട്ടികയ്‌ക്കു പുറത്തായെന്നും ദാസ്‌ പറഞ്ഞു. ലക്ഷക്കണക്കിന്‌ അനധികൃത ബംഗ്ലാദേശി മുസ്ലിങ്ങൾ പട്ടികയിൽ കടന്നുകൂടിയതായി ബിജെപി എംഎൽഎ ദിലീപ്‌കുമാർ പോൾ ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News