തുഷാർ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാൻ നാസിൽ അബ്ദുല്ല ചെക്ക് സംഘടിപ്പിച്ചത് കൂട്ടുകാരനിൽ നിന്ന് പണം കൊടുത്ത്. കൂട്ടുകാരന് അഞ്ച് ലക്ഷം രൂപ നൽകിയാൽ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് തന്റെ കയ്യിൽ കിട്ടുമെന്ന് നാസിൽ മറ്റൊരു സുഹൃത്തിനോട് പറയുന്ന ശബ്ദ സന്ദേശം പുറത്ത്. ദുബായിയിൽ കേസ് കൊടുത്താൽ ശരിയാവില്ല എന്നും ഷാർജയിൽ കേസ് കൊടുക്കാമെന്നും നാസിൽ സുഹൃത്തിനോട് പറയുന്നുണ്ട്. താൻ നാസിലിനു ചെക് നൽകിയിട്ടില്ല എന്ന തുഷാറിന്റെ വാദം ശരിവയ്ക്കുന്നതാണ് നാസിലിന്റെ ശബ്ദ സന്ദേശങ്ങൾ .

തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് ഒരാളുടെ കയ്യിൽ ഉണ്ട് എന്നും അയാൾക്ക് കേസ് കൊടുക്കാൻ താല്പര്യമില്ല എന്നും നാസിൽ സുഹൃത്തിനോട് പറയുന്നു .കേരളത്തിൽ അഞ്ച് ലക്ഷം രൂപ നൽകിയാൽ ആ ചെക്ക് തന്റെ കയ്യിൽ കിട്ടും. അതിനു പണം തന്ന് സഹായിക്കണം എന്നും നാസിൽ അബ്ദുല്ല സുഹൃത്തിനോട് പറയുന്നു. തുഷാർ ഉടൻ ദുബായിയിൽ വരും. അപ്പോഴേക്കും കേസ് കൊടുത്ത് പൂട്ടാനാണ് തന്റെ പരിപാടി. തുഷാർ കുടുങ്ങിയാൽ വെള്ളാപ്പള്ളി പണം തരും. വെള്ളാപ്പള്ളിയുടെ കൈയിൽ ഇഷ്ടം പോലെ പണം ഉണ്ട് എന്നത് അനുകൂല ഘടകമാണ് എന്നും നാസിൽ പറയുന്നു.

ദുബായിയിൽ കേസ് കൊടുത്താൽ ശരിയാവില്ല. ഷാർജയോ മെറ്റേതെങ്കിലും സ്ഥലമോ ആണ് നല്ലത് . ബ്ലാങ്ക് ചെക്കിൽ 10 മില്യൺ ദിർഹം എഴുതി ചേർത്താൽ പരാജയപ്പെടും . ആറു മില്യൺ എഴുതി, കിട്ടുന്ന പണം വാങ്ങി ഒത്തു തീർപ്പാക്കാനാണു പരിപാടി എന്നും നാസിൽ സുഹൃത്തിനയച്ഛ ശബ്ദ സന്ദേശത്തിൽ ഉണ്ട്.

തനിക്ക് തരാനുള്ള പണം കുറെയൊക്കെ തുഷാര തന്നിട്ടുണ്ട്. പക്ഷെ ഒരു പൈസ പോലും കിട്ടിയിട്ടില്ല ഏന്ന് താൻ പറഞ്ഞാൽ തുഷാറിന് അത് തെളിയിക്കാൻ കഴിയില്ല. തുഷാറിന്റെ ദൗർബല്യങ്ങൾ താൻ മനസിലാക്കിയിട്ടുണ്ട് എന്നും നാസിൽ പറയുന്നു.

തുഷാറിനെതിരെ ചെക്ക് കേസ് നൽകുന്നതിന് ഏതാണ്ട് ഒരു മാസം മുൻപാണ് നാസിൽ കേരളത്തിലെ സുഹൃത്തിനു ഈ ശബ്ദ സന്ദേശങ്ങൾ അയച്ചത്. താൻ നാസിലിനു ചെക് നൽകിയിട്ടില്ല എന്ന തുഷാര വെള്ളാപ്പള്ളിയുടെ വാദങ്ങൾ ശരി വയ്ക്കുന്നതാണ് നാസിലിന്റെ ഇപ്പോൾ പുറത്തു വന്ന ശബ്ദ സന്ദേശങ്ങൾ.