ഉന്നാവ് പെണ്കുട്ടിയെ വാഹനം ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍
സിബിഐ പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.

അപകട നില തരണം ചെയ്ത പെണ്കുട്ടിയെ വാര്‍ഡിലേക്ക് മാറ്റിയതിന് പിന്നാലെയാണ് മൊഴി എടുത്തത്.

ബിജെപി നേതാവും എംഎല്‍എയുമായ കുല്‍ദീപ് സിംഗ് സെന്‍ഗര്‍ ബലാത്സംഗം ചെയ്ത പെണ്കുട്ടിയെ കഴിഞ്ഞ ജൂലൈയില്‍ ആണ് വാഹനം ഇടിച്ചു കൊലപ്പെടുത്താന്‍ നോക്കിയത്. ഈ കേസിലാണ് സിബിഐ പെണ്കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയത്.

ഗുരുതരാവസ്ഥയില്‍ ആയതിനാല്‍ പെണ്കുട്ടിയുടെ മൊഴി നേരത്തെ രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല.

അപകട നില തരണം ചെയ്ത പെണ്കുട്ടിയെ ഇന്നലെ വാര്‍ഡിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെ ആണ് സിബിഐ സംഘം ദില്ലി എയിംസില്‍ എത്തി മൊഴി എടുത്തത്. എന്നാല്‍ അപകടത്തില്‍ ഒപ്പം ഉണ്ടായ അഭിഭാഷകന്റെ മൊഴി ഇനിയും രേഖപ്പെടുത്താന്‍ ആയിട്ടില്ല.

അതേസമയം, ബലാല്‍സംഗ കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ എത്ര ദിവസം വേണമെന്ന് അറിയിക്കാന്‍ സുപ്രീംകോടതി വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കി. 45 ദിവസത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ ആയിരുന്നു നിര്‍ദേശം.

എന്നാല്‍ കേസില്‍ കുറ്റപത്രം ഫയല്‍ ചെയ്തിട്ടില്ല എന്നും വിചാരണ പൂര്‍ത്തിയാക്കാന്‍ സമയം നീട്ടണം എന്നും പ്രതി കുല്‍ദീപ് സെന്‍ഗര്‍ ആവശ്യപ്പെട്ടു. തുടര്ന്നാണ് സുപ്രീംകോടതി വിചാരണ കോടതിയുടെ മറുപടി തേടിയത്.

വിചാരണ വേഗത്തിലും നീതിപൂര്‍വവും നടക്കണമെന്ന് വിഷയം പരിഗണിക്കവെ ജസ്റ്റിസ് ദീപക് ഗുപ്ത അധ്യക്ഷന്‍ ആയ ബെഞ്ച് നിരീക്ഷിച്ചു.