തുഷാറിനെതിരായ ചെക്ക് കേസില്‍ നാസിലിന്റെ ഫോണ്‍സംഭാഷണം പുറത്ത്; അഞ്ചു ലക്ഷം നല്‍കിയാല്‍ തുഷാറിന്റെ ഒപ്പുള്ള ബ്ലാങ്ക് ചെക്ക് സംഘടിപ്പിക്കാമെന്ന് നാസില്‍ സുഹൃത്തിനോട്; സംഭാഷണം നിഷേധിക്കാതെ നാസില്‍

ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ കേസ് കൊടുക്കാന്‍ ഉപയോഗിച്ച ചെക്ക് ഒരു പരിചയക്കാരനില്‍ നിന്ന് നാസില്‍ അബ്ദുല്ല പണം നല്‍കി സംഘടിപ്പിച്ചതാണെന്ന് തെളിയിക്കുന്ന ശബ്ദ സന്ദേശങ്ങള്‍ പുറത്ത്.

ചെക്ക് സംഘടിപ്പിക്കാന്‍ അഞ്ചു ലക്ഷം രൂപ തരണമെന്ന് സുഹൃത്തിനോട് നാസില്‍ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് പുറത്തായത്. ശബ്ദം തന്റെതാണെന്നും എന്നാല്‍ സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ചില ഭാഗങ്ങള്‍ അടത്തിയെടുത്തതാണ് ഇതെന്നും നാസില്‍ അബ്ദുള്ള പ്രതികരിച്ചു.

തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുള്ള നല്‍കിയ ഒന്‍പതു മില്ല്യന്‍ ദിര്‍ഹം ചെക്ക് കേസില്‍ ഓഗസ്റ്റ് 20 നാണ് തുഷാര്‍ വെള്ളാപ്പള്ളി യുഎഇയില്‍ അറസ്റ്റിലായത്. പിന്നീട് ജാമ്യത്തില്‍ ഇറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി താന്‍ നാസിലിനു ഇത്തരത്തില്‍ ഒരു ചെക്ക് നല്‍കിയിട്ടില്ലെനും ഇത് തന്റെ ചെക്ക് മോഷ്ടിക്കപ്പെട്ടതാണെന്നും പറഞ്ഞിരുന്നു. ഈ വാദത്തെ സാധൂകരിക്കുന്നതാണ് ഇപ്പോള്‍ നാസിലിന്റെതായി പുറത്തു വന്ന ശബ്ദ സന്ദേശം. വെള്ളാപ്പള്ളിയുടെ ബ്ലാങ്ക് ചെക്ക് ഒരു സുഹൃത്തിന്റെ പക്കല്‍ ഉണ്ടെന്നും അഞ്ചു ലക്ഷം രൂപ നല്‍കിയാല്‍ ഇത് ലഭിക്കാന്‍ അഞ്ചു ലക്ഷം രൂപ വേണമെന്നും കബീര്‍ എന്ന മറ്റൊരു സുഹൃത്തിനോട് നാസില്‍ പറയുന്നതാണ് ശബ്ദ സന്ദേശം.

തുഷാര്‍ അടുത്ത ദിവസം തന്നെ ദുബായിലെത്തുന്നുണ്ടെന്നും അപ്പോള്‍ തന്നെ കുടുക്കണമെന്നുമാണ് നാസില്‍ പറയുന്നത്. പെട്ടെന്ന് തന്നെ അവര്‍ ഒത്തുതീര്‍പ്പിന് വരുമെന്നും ചുരുങ്ങിയത് ആറ് ദശലക്ഷം ദിര്‍ഹമെങ്കിലും ഒത്തുതീര്‍പ്പ് ചര്‍ച്ചയിലൂടെ കിട്ടുമെന്നും നാസില്‍ സുഹൃത്തിനയച്ച സന്ദേശത്തില്‍ പറയുന്നു. ദുബായില്‍ കേസ് നല്‍കുന്നതിനേക്കാള്‍ നല്ലത് ഷാര്‍ജയില്‍ ആണെന്നും തുഷാര്‍ കുടുങ്ങിയാല്‍ കാര്യങ്ങള്‍ എളുപ്പമാകുമെന്നും നാസില്‍ പറയുന്നുണ്ട്.

ശബ്ദം തന്റെതാണെന്നും എന്നാല്‍ സുഹൃത്തുമായുള്ള സംഭാഷണത്തില്‍ ചില ഭാഗങ്ങള്‍ അടത്തിയെടുത്തതാണ് ഇതെന്നും നാസില്‍ അബ്ദുള്ള പ്രതികരിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും ചെക്കും ഒരാള്‍ക്ക് നല്‍കി പണം വാങ്ങിയിരുന്നുവെന്നും ഇത് തിരിച്ചെടുക്കാനാണ് സുഹൃത്തിനോട് പണം ആവശ്യപ്പെട്ടതെന്നും നാസില്‍ അബ്ദുള്ള പറഞ്ഞു.

നാസിലിന്റെ ശബ്ദ സന്ദേശം പുറത്തായതോടെ തുഷാര്‍ വെള്ളപ്പള്ളിക്കെതിരായ ചെക്ക് കേസ് കൂടുതല്‍ വഴിത്തിരിവിലേക്ക് നീങ്ങുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel