നിര്‍ണായകഘട്ടം കടന്ന് ചാന്ദ്രയാന്‍; ‘വിക്രം’ ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടു

ഇന്ത്യയുടെ ചന്ദ്രപര്യവേക്ഷണദൗത്യം ചന്ദ്രയാന്‍ രണ്ട് നിര്‍ണായകഘട്ടം പിന്നിട്ടു. ചന്ദ്രനെ ചുറ്റുന്ന ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രോപരിതലത്തിലിറങ്ങാനുള്ള ലാന്‍ഡര്‍ വേര്‍പെട്ടു. തിങ്കളാഴ്ച ഉച്ചയ്ക്ക് 1.15 ഓടെയാണ് ചന്ദ്രയാന്‍-2 ഓര്‍ബിറ്ററില്‍നിന്ന് ‘വിക്രം’ ലാന്‍ഡര്‍ വിജയകരമായി വേര്‍പെട്ടതെന്ന് ഐഎസ്ആര്‍ഒ ട്വിറ്ററിലൂടെ അറിയിച്ചു.

ഇനി ഓര്‍ബിറ്ററിനെയും ലാന്‍ഡറിനെയും വെവ്വേറെ നിയന്ത്രിക്കണം. ‘ലാന്‍ഡറി’നെ രണ്ടുതവണകൂടി ദിശമാറ്റി ചന്ദ്രന്റെ ഏറ്റവും അടുത്ത് എത്തിക്കണം. തുടര്‍ന്ന്, ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്കുള്ള ഇറക്കത്തിന് ഒരുക്കം തുടങ്ങും.

ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്റെ ഇരുണ്ടപ്രദേശത്തെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലുള്ള പ്രതലത്തില്‍ ‘ലാന്‍ഡറി’നെ ‘സോഫ്റ്റ് ലാന്‍ഡിങ്’ സാങ്കേതികതയിലൂടെ ഇറക്കുകയാണ് ലക്ഷ്യം.

ഇറങ്ങിക്കഴിഞ്ഞാല്‍ നാലുമണിക്കൂറിനുള്ളില്‍ ‘ലാന്‍ഡറി’നുള്ളില്‍നിന്ന് ‘റോവര്‍'(ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് പഠനങ്ങള്‍ നടത്താനുള്ള ഘടകം) പുറത്തിറങ്ങും. ബെംഗളൂരുവിലെ ഐഎസ്ആര്‍ഒ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രമാണ് ‘ചന്ദ്രയാന്‍-2’ പേടകത്തെ നിയന്ത്രിക്കുന്നത്.

ഓര്‍ബിറ്റര്‍, ലാന്‍ഡര്‍(വിക്രം), റോവര്‍(പ്രജ്ഞാന്‍) എന്നിങ്ങനെ മൂന്ന് മൊഡ്യൂളുകളാണ് ചന്ദ്രയാന്‍ രണ്ടിലുള്ളത്. റോവറിനെ സുരക്ഷിതമായി ചന്ദ്രോപരിതലത്തിലിറക്കാനുള്ള ഉത്തരവാദിത്തമാണ് ലാന്‍ഡറിനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel