പൂരക്കളിപ്പാട്ട് ചലച്ചിത്രഗാനമാവുന്നു

വടക്കേ മലബാറിലെ പൂരക്കളിപ്പാട്ട് ചലച്ചിത്ര ഗാനമാവുന്നു. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്ത ഉള്‍ട്ട എന്ന ചിത്രത്തിലാണ് ടൈറ്റില്‍ ഗാനമായി പൂരക്കളിപ്പാട്ട് എത്തുന്നത്.

സംവിധായകന്‍ സുരേഷ് പൊതുവാള്‍ ഫേസ് ബുക്കിലെഴുതിയ കുറിപ്പ് ചുവടെ വായിക്കാം:

‘ഗ്രാമീണപശ്ചാത്തലത്തില്‍ കഥ പറയുന്ന ‘ഉള്‍ട്ട’യുടെ ടൈറ്റില്‍ സോങ്ങായി നല്ലൊരു നാടന്‍പാട്ട് വേണമായിരുന്നു. നമ്മുടെ നാടിന്റെ സ്വത്വഭംഗിയെ ഗൃഹാതുരതയോടെ ആവിഷ്‌കരിക്കുന്ന വളരെ പഴയ ഒരു പാട്ടിലാണ് ഒടുവില്‍ എത്തിച്ചേര്‍ന്നത്. വടക്കന്‍ കേരളത്തിലെ പ്രശസ്ത നാടന്‍കലയായ പൂരക്കളിയിലെ ‘കേരളമാണെന്റെ നാട്, കേരദ്രുമങ്ങള്‍തന്‍ നാട് ‘എന്ന പാട്ടാണത്. ‘വടക്കന്‍ പൂരമാല’ എന്നുകൂടി അറിയപ്പെടുന്ന പൂരമാലയിലെ പന്ത്രണ്ടാം നിറം.

പ്രാദേശിക നാടന്‍കലകളില്‍ പാടിവരുന്ന ശീലുകള്‍ അവയുടെ ഭാവവും സൗന്ദര്യവും ചോരാതെ പുതുക്കിപ്പണിയുകയെന്നത്, ഒരേസമയം ത്രില്ലുള്ളതും വെല്ലുവിളി നിറഞ്ഞതുമായ ഏര്‍പ്പാടാണ്. മുമ്പ്, പയ്യന്നൂര്‍ കോല്‍ക്കളിപ്പാട്ടുകള്‍ ഭക്തിഗാനങ്ങളാക്കി പുനരവതരിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍, ആവോളം അതനുഭവിച്ച യാളാണ് ഞാന്‍. ഒരുപക്ഷേ ആ മുന്‍പരിചയത്തിന്റെകൂടി ധൈര്യത്തിലാവണം, വടക്കന്‍ പൂരമാല ചലച്ചിത്രഗാനമാക്കാന്‍തന്നെയായിരുന്നു തീരുമാനം.

സുഹൃത്തുകൂടിയായ സംഗീതസംവിധായകന്‍ സുദര്‍ശനുമായി ആ ആശയം പങ്കുവെച്ചു.
തന്റെ അരങ്ങേറ്റം ഗംഭീരമാക്കാന്‍ രാപ്പകല്‍ മറന്നു പ്രവര്‍ത്തിക്കാന്‍, സുദര്‍ശന്‍ തയ്യാറായിരുന്നു.

പൂരക്കളികലാകാരന്മാരില്‍ മികച്ച പാട്ടുകാരായ മമ്പലത്തെ കുഞ്ഞിക്കോരാട്ടനെയും പിലാക്കല്‍ അശോകനെയും രവീന്ദ്രനെയും എടാട്ടെ പാലോറ രവിയേട്ടനെയും ഒളവറയിലെ സി. ബാലേട്ടനെയുമെല്ലാം, പലപ്പോഴായി, സുദര്‍ശന്റെ സ്റ്റുഡിയോവില്‍ കൊണ്ടുവന്ന് ആ പാട്ട് ഞങ്ങള്‍ പാടിച്ചുകേട്ടു.
തെയ്യക്കാരായ തങ്കയം ചന്ദ്രനെയും നീലേശ്വരത്തെ ഗിരീശനെയുമെല്ലാം സ്‌റുഡിയോവില്‍ കൊണ്ടുവന്ന് ചെണ്ട കൊട്ടിച്ചു. സുദര്‍ശന്‍തന്നെയായിരുന്നു കീ ബോര്‍ഡ് പ്രോഗ്രാമിങ് ചെയ്തത്. കൊച്ചിയിലെ പ്രശസ്ത ഗിത്താറിസ്റ്റ് സുമേഷ് പരമേശ്വറിനെപ്പോലുള്ളവര്‍
കൂടി സുദര്‍ശന്റെ നിര്‍ദ്ദേശാനുസരണം അണിനിരന്നതോടെ, ആ പൂരക്കളിപ്പാട്ടിന് പുതിയ ചിറകുകള്‍ മുളച്ചുതുടങ്ങി.

ട്രാക്ക് കേട്ടപ്പോള്‍ത്തന്നെ, ആലോചനയും തീരുമാനവും ശരിയായിരുന്നുവെന്ന് എനിക്ക് ബോധ്യപ്പെട്ടു. ‘ഉള്‍ട്ട’യെന്ന സിനിമയ്ക്ക് ഇതിലും മനോഹരമായൊരു ടൈറ്റില്‍ സോങ്ങ് കിട്ടാനില്ലെന്ന് മനസ്സ് പറഞ്ഞു.

പ്രധാനഗായികയായി വൈക്കം വിജയലക്ഷ്മികൂടി വന്നതോടെ, ആ പാട്ടിന് ജീവനും ഓജസ്സും വര്‍ദ്ധിച്ചു, വല്ലാത്തൊരു നിഷ്‌കളങ്കതയും ഗൃഹാതുരതയും കൈവന്നു. പാട്ടിന് മൊത്തത്തില്‍ പുതിയൊരു ചന്തം വെച്ചു.

എത്രയോ വര്‍ഷങ്ങള്‍ക്കുമുമ്പ് പൂരക്കളിക്കുവേണ്ടി എഴുതപ്പെട്ട ആ പാട്ടിന്റെ രചയിതാവിനെ കണ്ടെത്താനുള്ള അന്വേഷണവും ഇതിനിടയിലെല്ലാം നടക്കുന്നുണ്ടായിരുന്നു. പയ്യന്നൂരിലെ, പാട്ടുകാരായ പൂരക്കളികലാകാരന്മാരെ പരിചയപ്പെടുത്തിത്തന്ന സുഹൃത്ത് ശിവകുമാര്‍തന്നെ, ‘കാടങ്കോട് കുഞ്ഞികൃഷ്ണന്‍ പണിക്കര്‍’ എന്ന ആ രചയിതാവിന്റെയും ഫോണ്‍ നമ്പര്‍ സംഘടിപ്പിച്ചുതന്നു.

ഒരു ദിവസം ഞങ്ങള്‍ പരസ്പരം കണ്ടു. എന്നോ താന്‍ കുറിച്ചിട്ട വരികള്‍ സിനിമാപ്പാട്ടായി മാറുന്നതുകേട്ട് പണിക്കരും സന്തോഷിച്ചിരിക്കണം. ഒടുവില്‍ ഞങ്ങളുടെ മുന്നോട്ടുള്ള പ്രവര്‍ത്തനത്തിന് എല്ലാ അനുവാദവും തന്നാണ് അദ്ദേഹം മടങ്ങിയത്.

ഇപ്പോഴിതാ ആ പാട്ട് സിനിമയിലെ ദൃശ്യങ്ങള്‍ സഹിതം പുറത്തിറങ്ങാന്‍ പോകുന്നു.
ഈ ഓണക്കാലത്തുമാത്രമല്ല, കേരളത്തനിമയുള്ള ആഘോഷവേളകളിലെല്ലാം ഇനി ഏറെക്കാലം, മലയാളികള്‍ക്ക് പാടാനും ചുവടുവെയ്ക്കാനുമുള്ള
മികച്ച ഗാനമായി
ആ പാട്ട് മാറുമെന്ന് എനിക്ക് നല്ല ഉറപ്പുണ്ട്.
കാലാവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ടുള്ള നാടിന്റെ ഇന്നത്തെ സവിശേഷസാഹചര്യത്തില്‍, പുതിയൊരു പോസിറ്റീവ് എനര്‍ജി പകര്‍ന്നുതരുന്ന പാട്ട് കൂടിയാണിതെന്ന് എനിക്ക് തോന്നുന്നു. അതുകൊണ്ടുതന്നെ പ്രളയാനന്തരകേരളത്തിന് ഒരു ഉണര്‍ത്തുപാട്ടായ്, ഓരോ മലയാളിക്കും ഒരു സാന്ത്വനമായ്, ആ പാട്ട് മാറുമെന്നുകൂടി ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു !
കാരണം, പരിഷ്‌കാരങ്ങളെല്ലാം വരുന്നതിനുമുമ്പുള്ള കേരളത്തിന്റെ യഥാര്‍ത്ഥമായ പ്രകൃതിസൗന്ദര്യവും ജീവിതവുമാണ് ആ പാട്ടിലുടനീളം മനോഹരമായി വര്‍ണ്ണിച്ചിരിക്കുന്നത്.

ചുരുക്കത്തില്‍, ആ പാട്ടിനുപിന്നിലെ വിശേഷവും സസ്പെന്‍സും ഇതാണ് – വടക്കന്‍ കേരളത്തില്‍മാത്രം ഒതുങ്ങിനിന്നിരുന്ന ഒരു പൂരക്കളിപ്പാട്ടിനെ, സിനിമ പോലുള്ള വലിയൊരു ദൃശ്യമാധ്യമത്തിലൂടെ ലോകമെമ്പാടുമുള്ള മലയാളിസമൂഹത്തിനുമുന്നില്‍ പുതിയ രീതിയില്‍ പരിചയപ്പെടുത്തുന്നു !

ഇനി ദിവസങ്ങള്‍കൂടിയേയുള്ളൂ, ആ പാട്ട്, ‘ഉള്‍ട്ട’യുടെ ടൈറ്റില്‍ വീഡിയോ സോങ്ങായി നിങ്ങളുടെ മുന്നിലെത്താന്‍ ! അതിനുമുമ്പ്, ആ പാട്ട് പിറവിയുമായി ബന്ധപ്പെട്ടുള്ള സംവിധായകന്റെ ഒരാമുഖക്കുറിപ്പായി എന്റെയീ വാക്കുകള്‍ സ്‌നേഹപൂര്‍വ്വം ചേര്‍ത്തുവെച്ചാലും!
നന്ദി ”?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News