പട്ടികവര്‍ഗ്ഗക്കാരുടെ സുസ്ഥിരമായ വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രി എ.കെ. ബാലന്‍.കൊച്ചിയില്‍ നിര്‍മ്മിച്ച ഗോത്ര സാംസ്‌ക്കാരിക സമുച്ചയത്തിന്റെയും മള്‍ട്ടി പര്‍പ്പസ്സ് ഹോസ്റ്റലിന്റെയും ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഒരു കുടുംബത്തിന് ഒരു ജോലി പദ്ധതിയുടെ ഉദ്ഘാടനവും മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു.

ഗോത്ര വര്‍ഗ്ഗ പൈതൃക തനിമ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പട്ടികവര്‍ഗ്ഗ വകുപ്പ് ഗോത്ര സാംസ്‌ക്കാരിക സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത്. കൊച്ചി ഫോര്‍ഷോര്‍ റോഡില്‍ 8.31 കോടി രൂപ മുതല്‍മുടക്കിലാണ് ട്രൈബല്‍ കോംപ്ലക്‌സ് യാഥാര്‍ത്ഥ്യമാക്കിയത്.കോംപ്ലക്‌സിന്റെ ഉദ്ഘാടനം മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു. ഇതര സമൂഹത്തോടൊപ്പമെത്താന്‍ നല്ല വിദ്യാഭ്യാസവും അതിനനുസരിച്ച് തൊഴിലും യാഥാര്‍ഥ്യമാക്കിയാല്‍ മാത്രമേ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാന്‍ സാധിക്കൂവെന്ന് മന്ത്രി പറഞ്ഞു.

മൂന്ന് നിലകളിലായി നിര്‍മിച്ചിട്ടുള്ള കോംപ്ലക്‌സില്‍ ആധുനിക സംവിധാനങ്ങളോടുകൂടിയ ഓഡിറ്റോറിയം, ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശന വില്‍പ്പന സ്റ്റാളുകള്‍, ഫുഡ് കോര്‍ട്ട്, ഡോര്‍മിറ്ററി തുടങ്ങിയവ തയ്യാറാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ പട്ടികവര്‍ഗ്ഗക്കാര്‍ തയ്യാറാക്കുന്ന ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തുക, ഗോത്ര സമൂഹങ്ങളുടെ കലാരൂപങ്ങള്‍ക്ക് വേദിയൊരുക്കുക, വംശീയ ഭക്ഷണത്തിന് പ്രചാരം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ട്രൈബല്‍ കോംപ്ലക്‌സ് നിര്‍മ്മിച്ചിരിക്കുന്നത്.

തൊഴിലിനും ഉന്നതപഠനത്തിനും നഗരത്തിലെത്തുന്ന പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിത കൂടൊരുക്കാന്‍ നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് ഹോസ്റ്റലിന്റെ ഉദ്ഘാടനും മന്ത്രി എ കെ ബാലന്‍ നിര്‍വ്വഹിച്ചു. 100 പേര്‍ക്കുള്ള താമസ സൗകര്യമാണ് ഹോസ്റ്റലില്‍ ഒരുക്കിയിരിക്കുന്നത്.

കൊച്ചി മേയര്‍ സൗമിനി ജെയിന്‍ അധ്യക്ഷയായിരുന്ന ചടങ്ങില്‍ ഹൈബി ഈഡന്‍ എംപി ഉള്‍പ്പടെ ജനപ്രതിനിധികളും പങ്കെടുത്തു.ചടങ്ങിനെത്തിയ പന്തപ്ര ആദിവാസി കോളനിക്കാര്‍ മന്ത്രിക്ക് പൂച്ചെണ്ടുകള്‍ സമ്മാനിച്ചു.സര്‍ക്കാരിന്റെ പട്ടികവര്‍ഗ്ഗ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമാണ് അവര്‍ നല്‍കിയ പൂച്ചെണ്ടുകള്‍ എന്ന് മന്ത്രി പിന്നീട് ഫെയ്‌സ് ബുക്കില്‍ കുറിച്ചു