കശ്മീരില്‍ നടപ്പാക്കുന്നത് ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗം : പ്രകാശ് കാരാട്ട്

മതരാഷ്ട്രമെന്ന ആര്‍എസ്എസ് അജന്‍ഡ നടപ്പാക്കുന്നതിന്റെ ഭാഗമാണ് കശ്മീര്‍ വിഭജനമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് പറഞ്ഞു. മുസ്ലിം ഭൂരിപക്ഷമുള്ള സംസ്ഥാനം പാടില്ലെന്നതാണ് ആര്‍എസ്എസ് നിലപാട്. അതിനാണ് ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന 370–ാം അനുച്ഛേദം റദ്ദാക്കിയത്. ഭാവിയില്‍ കശ്മീര്‍ ഹിന്ദുഭൂരിപക്ഷമുള്ള പ്രദേശമാക്കുക, അതുവഴി ബിജെപി സ്വാധീനത്തിലും നിയന്ത്രണത്തിലുമാക്കുക. ഈ ലക്ഷ്യങ്ങള്‍ വിഭജനത്തിനു പിന്നിലുണ്ട് –കശ്മീര്‍ പ്രശ്നവും ആര്‍എസ്എസ് അജന്‍ഡയും എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കശ്മീരില്‍ വരാന്‍ പോകുന്നത് നിയന്ത്രിത അധികാരമുള്ള നിയമസഭയാകും. സീറ്റുകള്‍ മുസ്ലിം അംഗങ്ങളല്ലാത്തവര്‍ക്കായി സംവരണം ചെയ്യും. ഇങ്ങനെ നിലവിലുള്ള സാമൂഹ്യഘടന മാറ്റാനാണ് ശ്രമം. രാഷ്ട്രീയമായും സാംസ്‌കാരികമായുമെല്ലാമുള്ള ഇന്ത്യന്‍ വൈവിധ്യം തകര്‍ക്കുക ആര്‍എസ്എസ് ലക്ഷ്യമാണ്. ഒരു രാഷ്ട്രം, ഒരു ഭാഷ, ഒരു സംസ്‌കാരം, ഒരു മതം, ഒരു നിയമം എന്നതാണവരുടെ കാഴ്ചപ്പാട്. ഇതിനനുസൃതമായാണ് കശ്മീരിനെ വിഭജിച്ചിരിക്കുന്നത്. മതനിരപേക്ഷത, ജനാധിപത്യം, ഫെഡറലിസം തുടങ്ങിയ അടിസ്ഥാന പ്രമാണങ്ങള്‍ക്കെല്ലാം വിഭജനം ഭീഷണിയാണ്.

ലെജിസ്ലേറ്റീവ് കൗണ്‍സിലിനെ നോക്കുകുത്തിയാക്കിയാണ് വിഭജനം നടപ്പാക്കിയത്. ഇതോടൊപ്പം കശ്മീരിന് ബാധകമായ 35 എ വകുപ്പും റദ്ദാക്കി. കശ്മീരില്‍ പുറത്തുള്ളവര്‍ക്ക് ഭൂമി വാങ്ങുന്നതിനടക്കം നിയന്ത്രണമുള്ള വകുപ്പായിരുന്നു ഇത്. ഇതില്ലാതായതോടെ ജനസംഖ്യാപരമായി ഇന്നുള്ള സാഹചര്യം അട്ടിമറിക്കാമെന്നതാണ് കണക്കുകൂട്ടല്‍.

നാഗാലാന്‍ഡ്, മിസോറം, ഹിമാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കെല്ലാം പ്രത്യേകപദവിയും അവകാശങ്ങളും ഇന്നുമുണ്ട്. ഇവ നിലനിര്‍ത്തി കശ്മീരിന്റേതുമാത്രം ഒഴിവാക്കുന്നത് മുസ്ലിം ഭൂരിപക്ഷം ഇല്ലാതാക്കാനാണ്. ഇന്ത്യനധീന കശ്മീര്‍ ജയിലാക്കി മാറ്റി മോഡി സര്‍ക്കാര്‍. എത്രകാലം കശ്മീരികളെ ഈ സര്‍ക്കാരിനിങ്ങനെ ബന്ദികളാക്കി നിര്‍ത്താനാകും.

കശ്മീരികള്‍ക്ക് നല്‍കിയ വാഗ്ദാനം തുടര്‍ച്ചയായി ലംഘിച്ച ചരിത്രമാണ് കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ക്കുള്ളത്. 370–ാം വകുപ്പിനെയും അവര്‍ ദുര്‍ബലമാക്കി. കശ്മീര്‍ വിഷയത്തില്‍ ഉറച്ച നിലപാടില്ലാത്ത പാര്‍ടിയായി കോണ്‍ഗ്രസ് മാറി. പാര്‍ലമെന്റില്‍ അവതരിപ്പിച്ച കശ്മീര്‍ ബില്ലിലും അവര്‍ക്ക് യോജിച്ച നിലപാടുണ്ടായിരുന്നില്ല. കശ്മീരിനെ തടവിലാക്കിയ നയത്തിനെതിരെ പ്രതികരിക്കാതിരുന്നാല്‍ നമ്മുടെ ജനാധിപത്യ ഭാവിയാണ് ഇല്ലാതാവുകയെന്നും കാരാട്ട് പറഞ്ഞു. കേളുഏട്ടന്‍ പഠന കേന്ദ്രം നളന്ദയില്‍ സംഘടിപ്പിച്ച സെമിനാറില്‍ എ പ്രദീപ്കുമാര്‍ എംഎല്‍എ അധ്യക്ഷനായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News