വാഹന ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫികറ്റ് വ്യാജമായി നിര്‍മ്മിച്ച് വാഹന ഉടമകള്‍ക്ക് നല്‍കി തട്ടിപ്പ് നടത്തിയ ആര്‍ ടി ഓ ഏജന്റ് പിടിയില്‍.കൊട്ടാരക്കര ആര്‍ ആര്‍ കണ്‍സള്‍ട്ടന്‍സി ഉടമ എസ് എസ് മന്‍സിലില്‍ സൈലുവാണ് (41) കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്.

കാലാവധി കഴിഞ്ഞ ഇന്‍ഷുറന്‍സ് പുതുക്കാനായി സമീപിക്കുന്ന വാഹന ഉടമകള്‍ക്ക് വ്യാജമായി ഇന്‍ഷുറന്‍സ് പോളിസി സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ച് നല്‍കിയായിരുന്നു തട്ടിപ്പ്.കൊട്ടാരക്കര തൃക്കണമങ്കല്‍ സ്വദേശി ജെയിംസ് മാത്യുവിന്റെ ഉടമസ്ഥതയിലുള്ള ഗഘ 23 എ 1279 നമ്പര്‍ ഐഷര്‍ ലോറി, കൈതക്കോട് സ്വദേശി ജയചന്ദ്രന്റെ ഉടമസ്ഥതയിലുള്ള ഗഘ 25 ഇ 3987 നമ്പര്‍ വാഹനം എന്നിവക്ക് വ്യാജ പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കിയതായി തെളിഞ്ഞിട്ടുണ്ട്.

പോളിസി കാലാവധി കഴിഞ്ഞു പുതുക്കാനായി സൈനുവിനെ സമീപിക്കുമ്പോള്‍ കാലാവധി പൂര്‍ത്തിയായ മറ്റൊരു സര്‍ട്ടിഫിക്കറ്റിന്റെ നമ്പരില്‍ വാഹനത്തിന്റ രേഖകള്‍ ചേര്‍ത്ത് ഇന്‍ഷുറന്‍സ് കാലാവധി പിന്നീടുള്ള ഒരു വര്‍ഷം ചേര്‍ത്തുമാണ് സൈലു തട്ടിപ്പു നടത്തിയിരുന്നത്. കൈതക്കോട് സ്വദേശി ജയചന്ദ്രന്‍ 29.05.2019 ഇല്‍ കാലാവധി കഴിഞ്ഞ പോളിസി സൈലു മുഖാന്തിരം പുതുക്കിയ ശേഷം വാഹനം വില്പന നടത്തുകയും പുതുതായി വാങ്ങിയ ഉടമ പോളിസി ഉടമസ്ഥത തന്റെ പേരിലാക്കാന്‍ കൊട്ടാരക്കര ഓറിയന്റല്‍ ഇന്‍ഷുറന്‍സ് ഓഫീസില്‍ അസ്സല്‍ പോളിസി സര്‍ട്ടിഫിക്കറ്റുമായി ഹാജറായപ്പോഴാണ് തട്ടിപ്പു പുറത്തായത്.

വ്യാജമായി പോളിസി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ ഇന്‍ഷുറന്‍സ് തുക പൂര്‍ണമായും സൈലുവിന്റെ കൈകളില്‍ എത്തുകയായിരുന്നു.ഇതിനെ തുടര്‍ന്ന് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കൊട്ടാരക്കര ഡിവിഷണല്‍ മാനേജര്‍ കൊട്ടാരക്കര പോലീസില്‍ രേഖാമൂലം പരാതിപ്പെടുകയും കൊട്ടാരക്കര ഇന്‍സ്പെക്ടര്‍ ബിനുകുമാര്‍ എസ് ഐ രാജീവ് എ എസ് ഐ അജയകുമാര്‍ എസ് സിപിഒ വിനോദ് തോമസ് സിപിഒ മാരായ ഹോചിമിന്‍ സുരേഷ് ബാബു ഗോപകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ ചതിക്കും വ്യാജരേഖ ചമക്കലിനും കേസെടുത്തു. കൂടുതല്‍ വാഹന ഉടമകള്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടോ എന്നതിന് അന്വേഷണം പുരോഗമിക്കുന്നു.