വാഹനവില്‍പ്പന പിറകോട്ട്; അടിസ്ഥാനമേഖലയിലും വളര്‍ച്ചയില്ല

സമ്പദ്ഘടനയുടെ നട്ടെല്ലായ അടിസ്ഥാനമേഖലയുടെ വളര്‍ച്ചയില്‍ വന്‍ ഇടിവ്. കല്‍ക്കരി, അസംസ്‌കൃത എണ്ണ, വൈദ്യുതി തുടങ്ങി എട്ട് മേഖലകളിലെ വളര്‍ച്ച ജൂലൈയില്‍ 2.1 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞവര്‍ഷം 7.3 ശതമാനമായിരുന്നു വളര്‍ച്ച. സാമ്പത്തികമാന്ദ്യത്തിന്റെ ആഴം വെളിപ്പെടുത്തുന്നതാണ് ഈ പിന്നോട്ടടി.

പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍, വളം, ഉരുക്ക്, സിമന്റ് എന്നിവ കൂടി ഉള്‍പ്പെടുന്ന അടിസ്ഥാനമേഖലയില്‍ നിന്നാണ് മൊത്തം വ്യാവസായിക ഉല്‍പ്പാദനത്തിന്റെ 40 ശതമാനം. ഏപ്രില്‍മുതല്‍ ഓരോ മാസവും വളര്‍ച്ച പിന്നോട്ടാണ്.

കല്‍ക്കരി, അസംസ്‌കൃത എണ്ണ, പ്രകൃതിവാതകം, റിഫൈനറി ഉല്‍പ്പന്നങ്ങള്‍ എന്നീ മേഖലകളിലെ വളര്‍ച്ച പൂജ്യത്തിലും താഴെയായി. കല്‍ക്കരിയില്‍ 1.4 ശതമാനവും അസംസ്‌കൃത എണ്ണയില്‍ 4.4 ശതമാനവും പ്രകൃതിവാതകത്തില്‍ അരശതമാനവും റിഫൈനറിമേഖലയില്‍ 0.9 ശതമാനവുമാണ് ഉല്‍പ്പാദന ഇടിവ്. വളംമേഖലയില്‍ 1.5 ശതമാനവും ഉരുക്കില്‍ 6.6 ശതമാനവും സിമന്റില്‍ 7.9 ശതമാനവും വൈദ്യുതിമേഖലയില്‍ 4.2 ശതമാനവും ഉല്‍പ്പാദനവളര്‍ച്ച ജൂലൈയില്‍ രേഖപ്പെടുത്തി.

ജൂണില്‍ വ്യാവസായിക ഉല്‍പ്പാദന സൂചികയില്‍ (ഐഐപി) രണ്ട് ശതമാനംമാത്രമാണ് വളര്‍ച്ചയെന്ന് സ്ഥിതിവിവര കണക്ക് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞു. 2018 ജൂണില്‍ ഏഴ് ശതമാനമായിരുന്നു വളര്‍ച്ച. നടപ്പ് സാമ്പത്തികവര്‍ഷം ഏപ്രില്‍-ജൂണില്‍ മൊത്തം സാമ്പത്തികവളര്‍ച്ച അഞ്ച് ശതമാനമായി ഇടിഞ്ഞതിന് പിന്നാലെയാണ് അടിസ്ഥാനമേഖലയിലെ പിന്നോട്ടടി. ഇത് ജൂലൈ- സെപ്തംബര്‍ പാദത്തിലും ജിഡിപി വളര്‍ച്ചയെ ബാധിക്കും.

രാജ്യത്ത് വാഹനവില്‍പ്പനയില്‍ തുടര്‍ച്ചയായ നാലാം മാസവും വന്‍ ഇടിവ്. കാര്‍വിപണിയുടെ പകുതിയും കൈയാളുന്ന മാരുതി സുസുകിയുടെ വില്‍പ്പന ആഗസ്തില്‍ 36 ശതമാനം ഇടിഞ്ഞു. ഹോണ്ടയ്ക്ക് 51 ഉം ടാറ്റാ വാഹനങ്ങളുടേത് 58 ശതമാനവും.

കഴിഞ്ഞ ആഗസ്തില്‍ മാരുതിയുടെ 1,45,895 കാറുകളാണ് വിറ്റത്. ഇക്കൊല്ലം 93,173. ഹ്യൂണ്ടായ് ഇന്ത്യയുടേത് 45,801 ല്‍നിന്ന് 38,205ആയി . മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര 19,758ല്‍നിന്ന് 13,507ലേക്ക് ഇടിഞ്ഞു. ടാറ്റാ കാറുകളുടെ വില്‍പ്പന 17,351ല്‍നിന്ന് 7,316 ആയി.

വാണിജ്യവാഹനങ്ങളുടെ വില്‍പ്പനയും ഇടിഞ്ഞു. വോള്‍വോ ഐഷര്‍-42 ശതമാനം, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര-28 ശതമാനം, ടാറ്റാ മോട്ടോഴ്സ്-45 ശതമാനം എന്നിങ്ങനെയാണ് കുറവ്. വാഹനവിപണിയില്‍ മാന്ദ്യം തുടരുകയാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News