സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളെല്ലാം ഓണാഘോഷ തിമിര്‍പ്പിലാണ്. ഊഞ്ഞാലും പൂക്കളവും ഓണക്കളിയുമായി അവര്‍ ഓണലഹരി ആസ്വദിച്ചു. ഓണപ്പാട്ടുമായി കുട്ടികള്‍ക്കൊപ്പം അവരുടെ പ്രിയമന്ത്രി സി.രവീന്ദ്രനാഥ് മാഷും കൂടിയത് സന്തോഷം ഇരട്ടിയാക്കി.

സമൃദ്ധതിയുടെയും ഒരുമയുടെയും ഓണദിനങ്ങള്‍ക്ക് സന്തോഷാരവങ്ങളോടെ തുടക്കം കുറിച്ചത് സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങള്‍ തന്നെയായിരുന്നു. പൂക്കളമൊരുക്കിയും ഊഞ്ഞാലും ഓണക്കളി കളിച്ചും ഓണസദ്യ കഴിച്ചും കുട്ടികള്‍ ഓണാഘോഷ തിമിര്‍പ്പിലാണ്.

കുട്ടികളുടെ ഓണാഘോഷത്തിന്റെ മാറ്റ് കൂട്ടിയത് അവരുടെ പ്രിയപ്പെട്ട മാഷ് തന്നെയായിരുന്നു . തിരുവനന്തപുരം ജില്ലയിലെ വിവിധ സ്‌കൂളുകളിലെ ഓണാഘോഷത്തിലാണ് മന്ത്രി സി.രവീന്ദ്രനാഥും സംഘവും എത്തിയത്. വിദ്യാഭ്യാസമന്ത്രിയുടെ എപിഎസ് കെ.പി അനില്‍കുമാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍ ബി.ശ്രീകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

കുട്ടിപുലികളും മാവേലിയും വാമനനും സംഘവും ചേര്‍ന്ന് ആര്‍പ്പു വിളികളോടെയാണ് പല സ്‌കൂളുകളിലും മാഷിനെ കുട്ടികള്‍ സ്വീകരിച്ചത്. ഓണപ്പാട്ടുമായി മന്ത്രി കുട്ടികള്‍ക്കൊപ്പം കൂടിയത് അവരുടെ ആഘോഷം ഇരട്ടിയാക്കി.

ജഗതിയിലെ ബധിരമൂക വിദ്യാലയത്തിലെ ഓണാഘോഷം സ്‌കളിലെ ദുരിതാശ്വാസ നിധിപ്പെട്ടിയുടെ ഉദ്ഘാടനം ചെയ്താണ് മന്ത്രി തുടക്കം കുറിച്ചത്. വൈകല്യങ്ങളെ അതിജീവിച്ച് ജീവിതവിജയം നേടാനൊരുങ്ങുന്ന കുരുന്നുകളുടെ ഓണാഘോഷത്തിലലിഞ്ഞ് അവരിലൊരാളായി മന്ത്രി മാഷും മാറി. കുട്ടികളോടൊപ്പം ഓണസദ്യ കഴിച്ചും ഓണസെല്‍ഫികളും പകര്‍ത്തിയ ശേഷവുമാണ് മന്ത്രിമാഷിനെ അവര്‍ പോകാനനുവദിച്ചത്. പേമാരിയും പ്രളയവും തകര്‍ത്ത നാട്ടില്‍ ഈ കുട്ടികളിലൂടെയാണ് അതിജീവനത്തിന്റെയും ഒരുമയുടെയും ഓണാഘോഷത്തിലെയ്ക്ക് സംസ്ഥാനം കടക്കുന്നത്.