കോഹ്ലിയെ പിന്തള്ളി സ്മിത്ത് വീണ്ടും; റാങ്കിങ്ങിലും ബൂം ബൂം ബുംമ്ര

വിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഗോള്‍ഡന്‍ ഡക്കിന് പുറത്തായ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയില്‍ നിന്ന് ടെസ്റ്റിലെ ഒന്നാം റാങ്ക് ഓസ്ട്രേലിയന്‍ ബാറ്റ്സ്മാന്‍ സ്റ്റീവ് സ്മിത്ത് തിരിച്ചെടുത്തു. 2018 ആഗസ്തിന് ശേഷം ഇതാദ്യമായാണ് കോഹ്ലി റാങ്കിങ്ങിലെ ആദ്യ സ്ഥാനത്ത് നിന്ന് പുറത്താകുന്നത്.

ആഷസ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ ഇരട്ട സെഞ്ചുറികളുടെ കരുത്തിലാണ് സ്മിത്ത് ഒന്നാം റാങ്ക് തിരിച്ചുപിടിച്ചത്. ഒരേയൊരു പോയിന്റ് വ്യത്യാസത്തിലാണ് സ്മിത്ത് മുന്നില്‍ കയറിയത്. സ്മിത്തിന് 904 പോയിന്റും കോഹ്ലിക്ക് 903 പോയിന്റും. ആഷസിനിലെ നാലാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുത്താല്‍ സ്മിത്തിന് ലീഡുയര്‍ത്താം. മൂന്നാം സ്ഥാനത്ത് ന്യൂസീലന്‍ഡ് ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണിന് 878 പോയിന്റുണ്ട്. 2015 മുതല്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്ന സ്മിത്ത്, ഒത്തുകളി വിവാദത്തെ തുടര്‍ന്ന് ലഭിച്ച വിലക്കിനെ തുടര്‍ന്നാണ് റാങ്കിങ്ങില്‍ പിന്നോട്ട് പോയത്.

അജിങ്ക്യ രഹാനെയും ഹനുമ വിഹാരിയുമാണ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരങ്ങള്‍. ആദ്യ പത്തില്‍ തിരിച്ചെത്തിയ രഹാനെ നാല് സ്ഥാനങ്ങള്‍ മുന്നോട്ട് കയറി ഏഴാമതെത്തിയപ്പോള്‍ ഹനുമ വിഹാരി 40 സ്ഥാനങ്ങളുയര്‍ന്ന് 30-ാം സ്ഥാനത്തെത്തി. ആറു ടെസ്റ്റ് മാത്രമാണ് വിഹാരി കളിച്ചത്. വെസ്റ്റിന്‍ഡീസിനെതിരായ ടെസ്റ്റിലെ പ്രകടനമാണ് ഇരുവരുടേയും റാങ്കിങ് മെച്ചപ്പെടുത്തിയത്.

റാങ്കിങ്ങിലും ബും ബും ബുംമ്ര………

അതേസമയം വെസ്റ്റന്‍ഡീസ് ബാറ്റ്സ്മാന്‍മാരെ എറിഞ്ഞിട്ട ഇന്ത്യന്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ബൗളര്‍മാരുടെ റാങ്കിങ്ങില്‍ വന്‍മുന്നേറ്റം നടത്തി മൂന്നാം റാങ്കിലേക്ക് കുതിച്ചെത്തി. രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഹാട്രിക്ക് അടക്കം 13 വിക്കറ്റാണ് ബുംറ നേടിയത്. നിലവില്‍ 853 പോയിന്റാണ് ബുമ്രയ്ക്കുള്ളത്. ഓസ്ട്രേലിയയുടെ പാറ്റ് കമ്മിന്‍സും ദക്ഷിണാഫ്രിക്കയുടെ കാഗിസോ റബാദയുമാണ് ബുംറയ്ക്ക് മുന്നിലുള്ളത്. വിന്‍ഡീസ് നായകന്‍ ജെയ്‌സണ്‍ ഹോള്‍ഡറാണ് നാലാം സ്ഥാനത്ത്. ഏകദിനത്തില്‍ കുറച്ചുനാളായി ബുമ്രയാണ് ഒന്നാം നമ്പര്‍ ബോളര്‍.

ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 50 വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ ബോളറെന്ന നേട്ടത്തിനു പിന്നാലെയാണ് റാങ്കിങ്ങിലും ബുമ്രയുടെ കുതിച്ചുകയറ്റം. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അരങ്ങേറിയ ബുമ്ര, 12 ടെസ്റ്റുകളില്‍നിന്ന് ഇതുവരെ 62 വിക്കറ്റുകള്‍ വീഴ്ത്തിക്കഴിഞ്ഞു. ഇതുവരെ ഇന്ത്യന്‍ മണ്ണില്‍ ഒരു ടെസ്റ്റ് പോലും കളിക്കാതെയാണ് ബുംമ്രയുടെ നേട്ടം.

വിന്‍ഡീസിനെതീരായ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ കരുത്തില്‍ മുഹമ്മദ് ഷമി ഒരു സ്ഥാനം കയറി 18-ാമതും ഇഷാന്ത് ശര്‍മ ഒരു സ്ഥാനം കയറി 20-ാം സ്ഥാനത്തുമെത്തി. രവീന്ദ്ര ജഡേജ 11-ാമതും രവിചന്ദ്രന്‍ അശ്വിന്‍ 14-ാമതുമുണ്ട്..

ഓള്‍റൗണ്ടര്‍മാരുടെ റാങ്കിങ്ങില്‍ ജേസണ്‍ ഹോള്‍ഡറാണ് ഒന്നാം സ്ഥാനത്ത്. ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്ക്സ് രണ്ടാമതും ബംഗ്ലേദശിന്റെ ഷാക്കിബുല്‍ ഹസന്‍ മൂന്നാം റാങ്കിലുമാണ്. ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ നാലാം സ്ഥാനത്തുണ്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here