മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ധിക്കാര സമീപനം തുടരുന്നു; ജീവനക്കാര്‍ ഹെഡ് ഓഫീസ് ഉപരോധിച്ചു

മുത്തൂറ്റ് ഫിനാന്‍സ് മാനേജ്‌മെന്റ് ധിക്കാരപരമായ സമീപനം തുടരുന്നുവെന്നാരോപിച്ച് ജീവനക്കാര്‍ കൊച്ചിയിലെ ഹെഡ് ഓഫീസ് ഉപരോധിച്ചു. ശമ്പള വര്‍ധനവ് ഉള്‍പ്പടെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി തുടരുന്ന അനിശ്ചിതകാല സമരത്തിന്റെ ഭാഗമായാണ് ഹെഡ് ഓഫീസിനു മുന്നില്‍ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചത്.

സമരത്തിനിടെ മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാര്‍ ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.അതേ സമയം സമരം ഒത്തുതീര്‍പ്പാക്കുന്നതിനായി നാളെ തിരുവനന്തപുരത്ത് തൊഴില്‍മന്ത്രിയുടെ സാന്നിധ്യത്തില്‍ ഒരു കൂട്ടരുമായും ചര്‍ച്ചനടക്കും.

ശമ്പള വര്‍ധനവ് നടപ്പാക്കുക, മാനേജ്‌മെന്റിന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കഴിഞ്ഞ രണ്ടാഴ്ചയായി അനിശ്ചിതകാല സമരം നടത്തി വരികയാണ് മുത്തൂറ്റ് ഫിനാന്‍സ് ജീവനക്കാര്‍.

സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ജീവനക്കാരും സമര സഹായസമിതിയും കൊച്ചിയിലെ ഹെഡ് ഓഫീസ് ഉപരോധിച്ചത്. ഇതിനിടെ മാനേജ്‌മെന്റ് അനുകൂലികളായ ജീവനക്കാര്‍ എം ഡിയുടെ നേതൃത്വത്തില്‍ സമരം പൊളിക്കാനായി ഓഫീസിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി.എന്നാല്‍ പോലീസ് സമയബന്ധിതമായി ഇടപെട്ടതോടെ സംഘര്‍ഷം ഒഴിവായി.

ഇത്തരം നാടകങ്ങള്‍ കൊണ്ടൊന്നും സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും അവകാശങ്ങള്‍ നേടിയെടുക്കും വരെ സമരം തുടരുമെന്നും സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എന്‍ ഗോപിനാഥ് പറഞ്ഞു.

അതേ സമയം പ്രശ്‌ന പരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെട്ടിട്ടുണ്ട്. തൊഴില്‍വകുപ്പ് മന്ത്രി ടി പി രാമകൃഷഷ്ണന്റെ നേതൃത്വത്തില്‍ സമരക്കാരും മാനേജ്‌മെന്റ് പ്രതിനിധികളുമായും തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News