ടൈറ്റാനിയം കേസ്: പ്രതിപക്ഷനേതാവിന്റെ വാദങ്ങളെ നിരാകരിച്ച് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍

ടൈറ്റാനിയം കേസില്‍ പ്രതിപക്ഷനേതാവിന്റെ വാദങ്ങളെ നിരാകരിച്ച് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍.ടൈറ്റാനിയെ കേസ് ഹൈക്കോടതി റദ്ദാക്കിയില്ലെന്ന് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ.ചന്ദ്രശേഖരന്‍ കൈരളി ന്യൂസിനോട്. ഹൈക്കോടതി റദ്ദാക്കിയ കേസ് സിബിഐക്ക് വിട്ട സര്‍ക്കാര്‍ നടപടി മണ്ടത്തരമെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. കേസില്‍ സിബിഐ അന്വേഷണം ഉണ്ടായാല്‍ അത് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയിലെത്തുമെന്നത് ഉറപ്പാണ്.

യുപിഎ ഭരണകാലത്ത് ഉടനീളം തങ്ങളുടെ രാഷ്ട്രീയ എതിരാളികളെ സിബിഐയെ ഉപയോഗിച്ച് വേട്ടയാടിയ ഉമ്മന്‍ചാണ്ടിക്ക് നേരെ ടൈറ്റാനിയം കേസ് വാളോങ്ങി നിള്‍ക്കുകയാണ്. പ്രതി പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലെങ്കിലും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി , വ്യവസായ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് എന്നീവര്‍ക്കെതിരെ ശക്തമായ തെളിവുകള്‍ കേസിലുണ്ട് .അഴിമതി പാതയിലെ പ്രധാന ഇടനാഴിയായ മെക്കോണ്‍ കമ്പനിക്ക് വേണ്ടി സ്വയം ഗ്യാരണ്ടി നില്‍ക്കാന്‍ ഉമ്മന്‍ചാണ്ടി തയ്യാറായി കത്തെഴുതിയത് കേസിലെ നിര്‍ണ്ണായക തെളിവാകും.

100 കോടി മാത്രം അറ്റാദായം ഉളള ടൈറ്റാനിയം കമ്പനിയിലെ മാലിന്യം സംസ്‌കരിക്കാന്‍ 256 കോടിയുടെ പദ്ധതി ഉണ്ടാക്കിയത് അതിലേറെ വിചിത്രമാണ് . 68 കോടി രൂപക്ക് വിദേശത്ത് നിന്ന് വാങ്ങിയ സാമഗ്രികള്‍ കേരളത്തിലെത്തിയപ്പോള്‍ അത് 85 കോടിയായി ഉയര്‍ന്നു. മാലിന്യത്തില്‍ നിന്ന് സള്‍ഫ്യുരിക്ക് ആസിഡ് ഉണ്ടാക്കാനുളള കോടികള്‍ വിലമതിക്കുന്ന സാമഗ്രികള്‍ ആദ്യം തന്നെ വാങ്ങികൂട്ടിയെങ്കിലും , നിര്‍മ്മിക്കേണ്ട സാങ്കേതിക വിദ്യ കൈമാറമെന്ന് വിദേശ കമ്പനിയുമായി കരാറില്‍ വ്യവസ്ഥ ചെയ്തിട്ടില്ല. നിര്‍മ്മാണം പോലും തുടങ്ങിയിട്ടില്ലാത്ത പ്ലാന്റിന്റെ കണ്‍സള്‍ട്ടന്‍സി കരാറില്‍ നിന്ന് മെക്കോണ്‍ കമ്പനി 35 കോടി രൂപ കൈപറ്റി കഴിഞ്ഞു.

ഫിന്‍ലാന്‍ഡ് ആസ്ഥാനമായ ചെമ്മട്ടൂര്‍ എക്കോ പ്‌ളാന്റ് കമ്പനിയും, അവരുടെ സഹോദര സ്ഥാപനമായ എവിഐ യൂറോപ്പും ചേര്‍ന്ന് കട്ടുമുടിച്ചത് ഖജനാവിലെ കാശാണ് . പുഷ്പവനം കമ്മറ്റിയുടെ റിപ്പോര്‍ട്ടില്‍ അക്കമിട്ട് നിരത്തിയിരിക്കുന്ന ഒരോ തെളിവും ചെന്ന് നിള്‍ക്കുന്നത് അന്നത്തെ ഭരണനേതൃത്വത്തിന് പുറത്തേക്കാണെന്ന് കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ അഡ്വ.എസ് ചന്ദ്രശേഖരന്‍ കൈരളി ന്യൂസിനോട് പറഞ്ഞു. കേസില്‍ നിന്ന് എല്ലാ പ്രതികളെയും ഹൈക്കോടതി ഒഴിവാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ വാദം ബാലിശമാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

ഉമ്മന്‍ചാണ്ടി അടക്കമുളള ആരോപണവിധേയക്കെതിരെ കൂടി വേണമെന്ന് വിജിലന്‍സ് കോടതി മുന്‍പ് ഓര്‍മ്മിപ്പിച്ചിട്ടുണ്ട്. നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണം സിബിഐക്ക് കൈമാറുന്നതോടെ കേസിന്റെ മാനം തന്നെ മാറുകയാണ് . സര്‍ക്കാരിന്റെ പണം വിദേശത്തെ കടലാസ് കമ്പനികളിലേക്കാണ് പോയതെന്ന ആക്ഷേപം ശക്തമാണ് . എവിഐ യുറോപ്പ് എന്ന കമ്പനിയെ ചുറ്റിപറ്റിയുളള ദുരുഹതകള്‍ ,ഇടനിലക്കാരനായ ഗിന്‍ഡക്‌സ് രാജീവനെ ഇനിയും കണ്ടെത്താന്‍ കഴിയാത്തത് എന്നീ വെല്ലുവിളികളാണ് സിബിഐയെ കാത്തിരിക്കുന്നത്. കേസില്‍ കൃത്യമായ അന്വേഷണം ഉണ്ടായാല്‍ അത് ഉമ്മന്‍ചാണ്ടി,വികെ ഇബ്രാഹംകുഞ്ഞ് എന്നീവരുടെ രാഷ്ടീയഭാവി തന്നെ തുലാസിലാവും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here