കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ പുതിയ നാടകം ബോഡി ലാംഗ്വേജ് ഓണത്തിന് അരങ്ങിലെത്തും

വിവിധങ്ങളായ ശരീരഭാഷകള്‍ കൊണ്ട് ഭയപ്പെടുത്തി അടക്കി ഭരിക്കുന്ന അസുര കാലത്തെക്കുറിച്ച് പറയുന്ന കൊല്ലം പ്രകാശ് കലാകേന്ദ്രത്തിന്റെ പുതിയ നാടകം ബോഡി ലാംഗ്വേജ് ഓണത്തിന് അരങ്ങിലെത്തും. രാജ്യദ്രോഹം ഉപയോഗിച്ച് പ്രതിരോധങ്ങളേയും പ്രതിഷേധങ്ങളേയും ഇല്ലാതാക്കി നിശബ്ധരാക്കപ്പെട്ട് ജഡാവസ്ഥയിലായ ഒരു ജനതയില്‍ നിന്ന് ഇനിയും നഷ്ടമാകാത്ത പ്രതിഷേധമാണ് നാടകം ഉയര്‍ത്തി പിടിക്കുന്നത്.

കലാകേന്ദ്രത്തിലെ 19 യുവ കലാകാരന്മാര്‍ക്കൊപ്പം ഫ്രാന്‍സില്‍ നിന്നുള്ള ഹെലന്‍ എന്ന യുവതിയും നാടകത്തില്‍ അഭിനയിക്കുന്നു. ഫ്രഞ്ച് തിയേറ്ററില്‍ സജീവമായിരുന്ന ഹെലന്‍ ആദ്യമായാണ് ഒരു ഇന്‍ഡ്യന്‍ നാടകത്തില്‍ വേഷമിടുന്നത്. ഹെലന്റെ ഫ്രഞ്ചിലും ഇംഗ്ലിഷിലുമുള്ള സംഭാഷണങ്ങള്‍ ഭാഷക്കതീതമായി സംവദിക്കുന്ന രംഗശില്പമാണ് നാടകത്തെ വേറിട്ടതാക്കുന്നത്. എംപി രാജേഷ് രചിച്ച നാടകത്തിന് ദൃശ്യഭാഷ ഒരുക്കിയിരിക്കുന്നത് കോഴിക്കോട് സ്വദേശി കെ ബിനീഷാണ്.

രാജ്യത്തെ സാമ്പത്തിക, ശാസ്ത്ര, ആരോഗ്യ, വിദ്യാഭ്യാസ സാംസ്‌കാരിക രംഗത്തെയാകെ വര്‍ഗ്ഗീയതയുടെ ചായം പൂശുമ്പോള്‍ ജനങ്ങള്‍ നേരിടേണ്ടി വരുന്ന ദുരിതങ്ങളെ സംവിധായകന്‍ വിദേശി സ്വദേശി ഭാഷയിലും സംഗീതത്തിലൂടെയും ജീവസുറ്റതാക്കി.

ഇടി മുഴക്കം പോലെ വാനിലുയരുന്ന മുദ്രാവാക്യം കേട്ട്, ഭീഷണിയേയും, പ്രലോഭനളേയും അതിജീവിക്കുന്ന യുവതയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിലൂടെയാണ് ബോഡി ലാംഗ്വേജിന്റെ കലാശകൊട്ട്. ഈ മാസം 14 ന് രാത്രി നാടകം നീരാവില്‍ അവതരിപ്പിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here