രജീഷ വിജയന്‍ മുഖ്യ കഥാപാത്രമായി എത്തുന്ന പുതിയ ചിത്രം ‘ഫൈനല്‍സ്’ ഈ വെള്ളിയാഴ്ച തിയേറ്ററുകളിലേക്ക്. നവാഗതനായ പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിസര്‍വേഷന്‍ ആരംഭിച്ചു.

ചിത്രത്തിന്റെ പുതിയ ടീസര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ടീസറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്. ആലീസ് എന്നാണ് രജീഷ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്.

മലയാളത്തിലെ ആദ്യ സമ്പൂര്‍ണ സൈക്ലിസ്റ്റ് സ്പോര്‍ട്സ് ചിത്രം കൂടിയാണ് ‘ഫൈനല്‍സ്’. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു. മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ ശ്രദ്ധ നേടിയിരുന്നു. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്. കൈലാസ് മേനോനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്.