എന്തുപറ്റി ഈ അവതാരങ്ങള്‍ക്ക്? വിനു വി ജോണിന് മന്ത്രി തോമസ് ഐസക്കിന്റെ മറുപടി

കൊച്ചി: കിഫ്ബിയുടെ വരവ് ചെലവ് കണക്കുകള്‍ പൂര്‍ണമായും പരിശോധിക്കാന്‍ സിഎജിക്ക് അധികാരമുണ്ടെന്ന് ധനമന്ത്രി ഡോ.ടി എം തോമസ് ഐസക്.

കിഫ്ബിയുടെ പരിശോധനയെ സംബന്ധിച്ച് വാര്‍ത്ത നല്‍കിയ ഏഷ്യാനെറ്റ് ന്യൂസിന് മന്ത്രി നേരത്തെ മറുപടി നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി ജോണ്‍ മന്ത്രി കള്ളം പറയുകയാണെന്ന് ആരോപിച്ച് ട്വീറ്റ് ചെയ്തു. ഇതോടെയാണ് കിഫ്ബിയുടെ കണക്കുകളുടെ പരിശോധനയെ സംബന്ധിച്ച് വിശദീകരണവുമായി മന്ത്രി വീണ്ടും രംഗത്തെത്തിയത്.

തോമസ് ഐസകിന്റെ വാക്കുകള്‍:

ഏഷ്യാനെറ്റ് അവതാരകൻ വിനു വി. ജോണിന്റേതായി ഒരു ട്വീറ്റ് കണ്ടു. വ്യാജ വാർത്ത തോമസ് ഐസക്കിന്റേതാണ് എന്നാണ് അദ്ദേഹത്തിന്റ ആക്ഷേപം. ഞാൻ തുടർച്ചയായി കള്ളം പറയുന്നൂവെന്നു പറയാനും അദ്ദേഹത്തിനു മടിയില്ല. എന്തുപറ്റി ഈ അവതാരങ്ങൾക്ക്?

ഞാൻ നിയമസഭയിലും ഇപ്പോഴും പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. ഒന്ന്, കിഫ്ബി C&AG യുടെ ഓഡിറ്റിന് വിധേയമാണ്. അത് നടന്നുകൊണ്ടിരിക്കുകയാണ്. രണ്ട്, നിയമസഭ പാസ്സാക്കിയ നിയമ പ്രകാരം കിഫ്ബിയുടെ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിനും അതിന്റെ പരിശോധനയ്ക്കും നിയമസഭ അവലോകനത്തിനും വളരെ വിശദവും താരതമ്യമില്ലാത്തതുമായ സംവിധാനങ്ങളുണ്ട്. ഇതിൽ എവിടെയാണ് വ്യാജൻ?

C&AG (Duties, Powers & Conditions of Service) ആക്ട് 1971, സെക്ഷൻ 14 പ്രകാരം കേന്ദ്ര സർക്കാരിന്റെയോ സംസ്ഥാന സർക്കാരിന്റെയോ സഞ്ചിതനിധിയിൽ നിന്നും ഗണ്യമായ തുക ഗ്രാന്റായോ വായ്പയായോ ലഭിക്കുന്ന ഏതൊരു അതോറിറ്റിയും ഏതൊരു സ്ഥാപനവും ഏജീസ് ഓഡിറ്റിന് വിധേയമാണ്.

ഈ സ്ഥാപനത്തിന്റെ / അതോറിറ്റിയുടെ എല്ലാ വരവ്-ചെലവ് കണക്കുകളും… (…C&AG shall, ……….. audit all receipts and expenditure of that body or authority and to report on the receipts and expenditure audited by him എന്നതാണ് വ്യവസ്ഥ) പരിശോധിക്കാനുള്ള അധികാരമാണ് ഈ വ്യവസ്ഥ C&AGക്ക് നൽകുന്നത്.

സർക്കാർ നൽകുന്ന ധനസഹായത്തിന്റെ കണക്കു മാത്രമല്ല, സ്ഥാപനത്തിന്റെ എല്ലാ വരവു-ചെലവു കണക്കുകളും പരിശോധിക്കാനുള്ള അവകാശമുണ്ട്. ഇതിന്റെ സമഗ്രതയ്ക്ക് ഒരു പരിധിയും കൽപ്പിച്ചിട്ടില്ല. C&AG ആവശ്യപ്പെട്ട എല്ലാ രേഖകളും കൊടുക്കുകയും നിരീക്ഷണങ്ങൾക്ക് പ്രതികരണങ്ങൾ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പക്ഷെ, കിഫ്ബി നിയമത്തിൽ സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് അതായത് ബില്ലുകളും വൌച്ചറുകളുമടക്കം എല്ലാ രേഖകളും പരിശോധിച്ച് ബാലൻസ്ഷീറ്റും ലാഭനഷ്ട കണക്കും തയ്യാറാക്കുന്നതിനുള്ള ചുമതല C&AGയെ ഏൽപ്പിച്ചിട്ടില്ല.

അതിനുള്ള സംവിധാനവും മേൽനോട്ട പരിശോധന ക്രമീകരണങ്ങളുമെല്ലാം ഞാൻ കഴിഞ്ഞ പോസ്റ്റിൽ വിശദീകരിച്ചിട്ടുണ്ട്. കിഫ്ബി ബോർഡ് നിയോഗിക്കുന്ന ചാർട്ടേർഡ് അക്കൌണ്ടന്റ് ക്വാർട്ടർലി റിപ്പോർട്ടും വാർഷിക കണക്കുകളും തയ്യാറാക്കി സമർപ്പിക്കും.

ഓഡിറ്റ് റിപ്പോർട്ട് പരിശോധിക്കാൻ ഇന്റർനാഷണൽ Peer Review Auditor നെ നിയോഗിക്കാൻ കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിട്ടുണ്ട്. കൂടാതെ ഇന്റേണൽ ഓഡിറ്ററിനെയും നിശ്ചയിച്ചിട്ടുണ്ട്. ഈ റിപ്പോർട്ടുകൾ പരിശോധിച്ച് ആറുമാസ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിന് ഫണ്ട് ട്രസ്റ്റി അഡ്വൈസറി കമ്മീഷനുമുണ്ട്. അവരുടെ റിപ്പോർട്ടും ഓഡിറ്റഡ് അക്കൌണ്ടും നിയമസഭയിൽ സമർപ്പിക്കുകയും C&AGക്ക് നൽകുകയും ചെയ്യും.

നിയമ പ്രകാരം സ്റ്റാറ്റ്യൂട്ടറി ഓഡിറ്റിന് C&AGയെ നിയമിക്കാത്ത സ്ഥാപനങ്ങളിൽ ഇത്തരം പരിശോധന നടത്തുന്നതിന് C&AGക്ക് അവകാശം നൽകണമെന്ന് അഭ്യർത്ഥിക്കുന്നതിന് ഡിപിസി ആക്ട് സെക്ഷൻ 20(2) അധികാരപ്പെടുത്തുന്നു.

വിനുവിന്റെ ട്വീറ്റിൽ കാണിക്കുന്ന കത്ത് 20(2) വകുപ്പ് പ്രകാരം സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് തങ്ങളെ ഏൽപ്പിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടുള്ളതാണ്. ഇതിനു സർക്കാർ നൽകിയ മറുപടിയുടെ അവസാന ഭാഗത്ത് വ്യക്തമാക്കിയ ഒന്നുണ്ട്. C&AGക്ക് പ്രസ്തുത നിയമത്തിലെ 14(1) വകുപ്പ് പ്രകാരം സ്വമേധയാ കിഫ്ബിയുടെ ഓഡിറ്റ് ഏറ്റെടുക്കുന്നതിന് തടസ്സമില്ലായെന്നും അതു സംബന്ധിച്ച തീരുമാനം പ്രസ്തുത ഓഫീസിന് കൈക്കൊള്ളാവുന്നതാണെന്നും അർത്ഥശങ്കയ്ക്ക് ഇടയില്ലാത്തവിധം വ്യക്തമാക്കി. 20-08-2018 ന് ധനകാര്യ പ്രിൻസിപ്പൽ സെക്രട്ടറിക്ക് അക്കൗണ്ടന്റ് ജനറലിന്റെ ഓഫീസിൽ നിന്നും അയച്ച കത്തിൽ കാര്യങ്ങൾ കുറേക്കൂടി വ്യക്തമാണ്. സെക്ഷൻ 20(2) പ്രകാരമുള്ള സ്റ്റാറ്റ്യൂട്ടറി ഓഡിറ്റ് തങ്ങളെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്തിന്റെ അവസാനത്തെ വാചകം ഇതാണ് – In the meantime this office has decided to take up the audit of KIIFB under Section 14(1) of DPC Act 1971, in due course.

വാർത്തയിൽ ധ്വനിപ്പിക്കുന്നവിധമല്ല കാര്യങ്ങൾ എന്നു വ്യക്തമല്ലേ? C&AGക്ക് കിഫ്ബി വരവു-ചെലവുകൾ ഓഡിറ്റ് ചെയ്യുന്നതിന് അധികാരമുണ്ട് – സമഗ്രമായിത്തന്നെ. അവർ പ്രസ്തുത അധികാരം ഉപയോഗിച്ച് ഓഡിറ്റ് നടത്തിക്കൊണ്ടിരിക്കുകയാണ്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here